ആരെ വേണമെങ്കിലും തടവിലാക്കാമെന്ന് അവർ കരുതുന്നു -അരവിന്ദ് കെജ്‍രിവാൾ
text_fieldsജംഷഡ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികൾ ആദിവാസി വിരുദ്ധമെന്ന് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‍രിവാൾ. തന്‍റെയും ഹേമന്ത് സോറന്‍റെയും അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ജംഷഡ്പൂർ മണ്ഡലത്തിലെ ജെ.ജെ.എം സ്ഥാനാർഥിയുടെ പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു കെജ്‍രിവാൾ.
"നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ പാർട്ടിയും ആദിവാസികളെ വെറുക്കുന്നു. രാജ്യത്തെ ഒരേയൊരു ആദിവാസി മുഖ്യമന്ത്രിയായിരുന്നു ഹേമന്ത്. അവർ അദ്ദേഹത്തെ ജയിലിൽ അടച്ചിരിക്കുകയാണ്. കോടതി വിധിക്ക് ശേഷം ഒരാളെ ജയിലിലേക്ക് അയക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഈ കേസിൽ കുറ്റാരോപണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഒരു കോടതിയും ഹേമന്ത് സോറൻ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും അവർ ഹേമന്തിനെ ജയിലിലടച്ചു" -കെജ്‍രിവാൾ പറഞ്ഞു.
ഇത് പ്രധാനമന്ത്രിയുടെ ഗുണ്ടായിസമാണ്. ആരെ വേണമെങ്കിലും തടവിലാക്കാമെന്ന് അവർ കരുതുന്നു. ഒരു കോടതി വിധിയും ഇല്ലാതെയാണ് അവർ തന്നെ ജയിലിലേക്ക് അയച്ചത്. ജയിലിന് പുറത്ത് വന്നതും പ്രചാരണം നടത്തുന്നതും ബജ്റംഗബലിയുടെ അനുഗ്രഹമാണെന്നും നാളെ അവർ നിലവിലെ ഝാർഖണ്ഡ് മുഖ്യമന്ത്രിയെയും ജയിലിൽ അടച്ചേക്കുമെന്നും കെജ്‍രിവാൾ പറഞ്ഞു.
ജെ.എം.എം പ്രചാരണത്തിന്‍റെ ചുമതലയേറ്റെടുത്ത കൽപന സോറനെ കെജ്‍രിവാൾ അഭിനന്ദിച്ചു. മോദിക്കെതിരെ ധീരമായി പോരാടുന്ന ഝാൻസി റാണിയാണ് കൽപ്പനയെന്ന് അദ്ദേഹം പറഞ്ഞു. തൻറെയും ഹേമന്തിന്‍റെയും അറസ്റ്റ് മോദിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും എന്നാൽ അത് ബി.ജെ.പിക്ക് തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.
എ.എ.പിയും ജെ.എം.എമ്മും പിരിഞ്ഞുപോകുമെന്നും തങ്ങളുടെ എം.പിമാരെയും എം.എൽ.എമാരെയും വിലക്കുവാങ്ങി സർക്കാർ രൂപീകരിക്കുമെന്നും അവർ കരുതി. എന്നാൽ എ.എ.പിയും ജെ.എം.എമ്മും അതിന്‍റെ സഖ്യകക്ഷികളും ഒരു കുടുംബം പോലെയായി ബി.ജെ.പിയുടെ ശ്രമത്തെ പരാജയപ്പെടുത്തിയെന്ന് കെജ്‍രിവാൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.