ബ്രൂണെയുമായി ബന്ധം ശക്തമാക്കും -മോദി
text_fieldsബന്ദർ സരി ബെഗാവൻ: ബ്രൂണെയുമായി ഏറെയായി തുടരുന്ന ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ദ്വിരാഷ്ട്ര പര്യടനത്തിന്റെ ആദ്യപടിയായാണ് പ്രധാനമന്ത്രി ബ്രൂണെയിൽ ഇറങ്ങിയത്.
വിമാനത്താവളത്തിൽ കിരീടാവകാശി അൽമുഹ്തദി ബില്ലായുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയ മോദി ഇന്ന് സുൽത്താൻ ഹസനുൽ ബുൽക്കിയയുമായും രാജകുടുംബത്തിലെ മറ്റു പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ബ്രൂണെയിൽ ഉമർ അലി സൈഫുദ്ദീൻ മസ്ജിദിലും മോദി സന്ദർശനം നടത്തി. രാജ്യത്തെ ഇന്ത്യൻ ഹൈകമീഷനോട് ചേർന്ന് അനുബന്ധ ഓഫിസും ഉദ്ഘാടനം ചെയ്തു. ബ്രൂണെയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ഇന്ത്യൻ കുടിയേറ്റം ഒരു നൂറ്റാണ്ട് പൂർത്തിയാകുന്ന ബ്രൂണെയിൽ 14,000 ഇന്ത്യക്കാരാണുള്ളത്. ഇരുരാജ്യങ്ങൾക്കുമിടയിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 40ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന സവിശേഷതയുമുണ്ട്. 2013ൽ ആസിയാൻ ഉച്ചകോടിക്കായി എത്തിയ മൻമോഹൻ സിങ്ങിനു ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്. ബ്രൂണെ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി സിംഗപ്പൂരിലേക്ക് യാത്രതിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.