നോട്ട് അസാധു: വിവരം മറച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെക്കുന്ന സമീപനം സര്‍ക്കാര്‍ വീണ്ടും ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് മുന്തിയ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് ആരുടെയൊക്കെ അഭിപ്രായം തേടിയെന്ന വിവരം വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വിസമ്മതിച്ചു.
വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കാതിരുന്നത്. നോട്ട് അസാധുവാക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവരുടെ അഭിപ്രായം പ്രധാനമന്ത്രി ചോദിച്ചിരുന്നോ എന്ന ചോദ്യത്തിനുമില്ല മറുപടി. വിവരാവകാശ നിയമപ്രകാരം ‘വിവര’ത്തെക്കുറിച്ച നിര്‍വചനത്തിന്‍െറ പരിധിയില്‍ ചോദ്യം വരുന്നില്ളെന്ന ന്യായമാണ് പ്രധാനമന്ത്രിയുടെ ഓഫിസ് മുന്നോട്ടുവെച്ചത്.
ഉന്നയിച്ച ചോദ്യം സംബന്ധിച്ച വിവരം പ്രധാനമന്ത്രി കാര്യാലയത്തിന്‍െറ രേഖകളില്‍ ലഭ്യമല്ളെന്നും പറഞ്ഞിട്ടുണ്ട്.
പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഏതെങ്കിലും യോഗം നടന്നിരുന്നോ, പുതിയ നോട്ട് സുഗമമായി കൈമാറ്റം ചെയ്യുന്നതിന് തയാറെടുപ്പ് നടത്തിയിരുന്നോ എന്ന ചോദ്യത്തിനും മറുപടിയില്ല. 2,000 രൂപയുടെ പുതിയ നോട്ടിനുവേണ്ടി എ.ടി.എമ്മുകളില്‍ സോഫ്റ്റ്വെയര്‍ ക്രമീകരണം മാറ്റേണ്ടിവരുമെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നോ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ഏതെങ്കിലും ഉദ്യോഗസ്ഥനോ മന്ത്രിയോ തീരുമാനത്തെ എതിര്‍ത്തോ, പഴയ നോട്ടിനുപകരം പുതിയത് കൊടുക്കാന്‍ എത്ര സമയം വേണ്ടിവരും തുടങ്ങിയ ചോദ്യങ്ങള്‍ക്കുമില്ല മറുപടി.
നോട്ട് അസാധുവാക്കുന്ന കാര്യത്തില്‍ നിയമപ്രകാരം നല്‍കിയ അപേക്ഷയോട് പുറംതിരിഞ്ഞ സമീപനമാണ് നേരത്തേ റിസര്‍വ് ബാങ്കും കൈക്കൊണ്ടത്. അസാധുവാക്കിയ നോട്ടുകളില്‍ എത്ര തിരിച്ചത്തെി, എത്ര നോട്ട് പുതുതായി അച്ചടിച്ച് ഇറക്കി തുടങ്ങിയ കാര്യങ്ങളും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഒരു തീരുമാനം നടപ്പാക്കുന്നതിന് ആരെങ്കിലുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ എന്ന കാര്യം രേഖകളുടെ ഭാഗമാണെന്നും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുമെന്നും മുന്‍ ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.