അഫ്ഗാനിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ മോദിയുടെ നിർദേശം; പ്രധാനമന്ത്രിക്ക് സംസാരിക്കാൻ കഴിയാത്തതെന്തെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യക്കാരെ തിരിച്ച് കൊണ്ടുവരുന്നതുമായും ബന്ധപ്പെട്ട നടപടികൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. അഫ്ഗാനിസ്താനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കൽ തുടരുകയാണ്. കാബൂളിൽനിന്ന് പ്രതിദിനം രണ്ട് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവാദമുണ്ട്.
ഹിന്ദുക്കൾക്കും സിഖുകാർക്കും സഹായം ആവശ്യമുള്ള അഫ്ഗാനിസ്താനിലെ സുഹൃത്തുക്കൾക്കും സഹായം നൽകുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇക്കാര്യങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചത്.
'അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, സഭയിലുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളോട് വിദേശകാര്യ മന്ത്രാലയം കാര്യങ്ങൾ വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി കൂടുതൽ വിവരങ്ങൾ അറിയിക്കും' -വിദേശകാര്യ മന്ത്രി ജയശങ്കർ ട്വീറ്റ് ചെയ്തു.
എന്നാൽ, ഇതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്തതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. അഫ്ഗാനിസ്താനിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അദ്ദേഹത്തിന് അറിവില്ലാത്തതിനാലാണോ എന്നും രാഹുൽ കുറിച്ചു.
ഞായറാഴ്ച 107 ഇന്ത്യക്കാർ ഉൾപ്പെടെ 168 യാത്രക്കാരെ വിമാനത്തിൽ എത്തിച്ചിരുന്നു. ഇവരിൽ രണ്ട് അഫ്ഗാൻ സെനറ്റർമാരും ഉണ്ടായിരുന്നു. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവയും സർവിസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.