ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല, മോദിക്ക് ആകെയറിയുന്നത് കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ മാത്രം- ഖാര്‍ഗെ
text_fieldsന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യമായ ഇന്‍ഡ്യ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്ത് നടക്കുന്ന വംശീയ കലാപങ്ങളുമായി ബന്ധപ്പെട്ട് കേണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രി ഉത്തരം പറഞ്ഞില്ലെന്നും ആകെ ചെയ്തത് മുന്‍പ്രധാനമന്ത്രി നെഹ്‌റുവിനെയും കോണ്‍ഗ്രസ് പാര്‍ട്ടിയേയും പരിഹസിക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം താന്‍ അധികാരത്തിലെത്തിയ ശേഷമാണ് ചെയ്തതെന്ന ഭാവമാണ് പ്രധാനമന്ത്രിക്കെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഖാര്‍ഗെ രംഗത്തെത്തിയത്. എഴുപത് വര്‍ഷക്കാലമായി രാജ്യത്തിന് വേണ്ടി ഒന്നും കോണ്‍ഗ്രസ് ചെയ്തില്ലെന്ന് പറയുന്ന മോദിയും അമിത് ഷായും പഠിച്ചത് കോണ്‍ഗ്രസ് നിര്‍മിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. മോദി അധികാരത്തിലെത്തിയ ശേഷമാണോ രാജ്യത്തെ സ്‌കൂളുകള്‍ എല്ലാം നിര്‍മിച്ചതെന്നും ഖാര്‍ഗെ ചോദിച്ചു.
കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയത്തെ കുറിച്ച് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. സ്വപ്‌നത്തില്‍ പോലും മോദിയെ കാണുന്ന വിധം വളര്‍ന്നിരിക്കുന്നു കോണ്‍ഗ്രസിന്റെ മോദി പ്രേമം. കോണ്‍ഗ്രസ് പരാജയപ്പെട്ട ഒരു ഉത്പന്നത്തെ വീണ്ടും വീണ്ടും അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഓരോ തവണയും അവര്‍ ശ്രമിക്കുംതോറും ഉത്പന്നം കൂടുതല്‍ ആഴത്തില്‍ പരാജയം ഏറ്റുവാങ്ങുകയാണെന്നും മോദി പ്രസംഗത്തിനിടെ പറഞ്ഞു.
മണിപ്പൂരിനെ ഛത്തീസ്ഗഡിനോട് ഉപമിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും ഖാര്‍ഗെ വിമര്‍ശിച്ചു. ഇരു സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണ്. പ്രധാനമന്ത്രിക്ക് മണിപ്പൂരിലേക്ക് പോകാന്‍ പേടിയാണ്. മോദിയുടെ തിരക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലാണെന്നും മണിപ്പൂരിലേക്ക് പോകാന്‍ അദ്ദേഹത്തിന് ഇകുവരെ സമയം ലഭിച്ചിട്ടില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.