ലോകമാധ്യമങ്ങളിലും മോദിക്ക് രൂക്ഷവിമർശനം; പരിഹാസവുമായി കാർട്ടൂണുകളും
text_fieldsന്യൂഡൽഹി: പ്രാണവായു കിട്ടാതെ കാലിയായ ഒാക്സിജൻ സിലിണ്ടറുകൾക്കരികിൽ പാതിവഴിയിൽ വീണുകിടക്കുന്ന ആന. അതിനു മുകളിൽ അപ്പോഴും കുലുങ്ങാതെ രാജപ്രൗഡിയോടെയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി...
കോവിഡ് രണ്ടാം തരംഗത്തിൽ ശ്വാസംമുട്ടി പിടയുന്ന ഇന്ത്യയെ 'ആസ്ട്രേലിയൻ ഫിനാൻഷ്യൽ റിവ്യൂ' ദിനപത്രത്തിെൻറ കാർട്ടൂണിസ്റ്റ് ഡേവിഡ് റോ ചിത്രീകരിച്ചത് ഇങ്ങനെയാണ്. 'മോദി മേഡ് ഡിസാസ്റ്റർ' (മോദി സൃഷ്ടിച്ച ദുരന്തം) എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ആരംഭിച്ച കാമ്പയിനിൽ മുഖ്യ ചിത്രമായി അവതരിപ്പിക്കുന്ന ഡേവിഡ് റോയുടെ ഇൗ കാർട്ടൂണാണ്.
ചിത്രങ്ങളായും കാർട്ടൂണുകളായും വാർത്തകളായും ഇന്ത്യൻ ദുരന്തവും ഭരണകൂടത്തിെൻറ അലംഭാവവും ലോകമെങ്ങും നിറയുകയാണ്.
ഒരുകാലത്ത് വാഴ്ത്തിപ്പാടിയ ആഗോളമാധ്യമങ്ങൾ ഇപ്പോൾ മോദിയുടെ പിടിപ്പുകേടിനെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. 'ധാർഷ്ട്യവും അതിദേശീയതയും ഉദ്യോഗസ്ഥതലത്തിലെ പിടിപ്പുകേടും ചേർന്ന് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും പ്രധാനമന്ത്രി നിസ്സാരഭാവത്തിലാണെന്ന് 'ദി ആസ്ട്രേലിയൻ' റിപ്പോർട്ട് ചെയ്യുന്നു.
ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞർ കോവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ഇന്ത്യ വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ മോദിസർക്കാർ വിറങ്ങലിച്ചുനിൽക്കുകയാണെന്ന് ലണ്ടൻ 'ടൈംസ്' മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. പ്രശ്നങ്ങളോടുള്ള സർക്കാറിെൻറ നിഷേധാത്മക സമീപനമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും ടൈംസ്.
'ഭരണസംവിധാനങ്ങൾ തകിടംമറിഞ്ഞിരിക്കുന്നു. ഇന്ത്യ കോവിഡിെൻറ നരകത്തിൽ പതിച്ചിരിക്കുന്നു' എന്നായിരുന്നു 'ദ ഗാർഡിയൻ' നൽകിയ തലക്കെട്ട്. രാജ്യം കോവിഡിനെ അതിജീവിച്ചതായാണ് മിക്കവരും കരുതിയിരുന്നത്. ഇപ്പോൾ ഒാക്സിജൻപോലുമില്ലാതെ ആശുപത്രികൾ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് വ്യാപനഭീഷണി നിലനിൽക്കുമ്പോഴും പശ്ചിമബംഗാളിൽ പ്രധാനമന്ത്രി പെങ്കടുത്ത വമ്പൻ റാലികൾ നടത്തിയതിനെയും കുംഭമേളക്ക് അനുമതി നൽകിയതിനെയും ആഗോളമാധ്യമങ്ങൾ ശക്തമായാണ് വിമർശിച്ചത്. മാസ്ക് പോലുമില്ലാതെ മോദി ബംഗാളിലെ റാലികളിൽ പെങ്കടുത്തത് ചൂണ്ടിക്കാട്ടിയാണ് 'ദ ഫിനാൻഷ്യൽ ടൈംസ് വിമർശിച്ചത്.
കോവിഡിെൻറ കെടുതികൾ കഴിഞ്ഞു എന്ന മട്ടിലാണ് ഉദ്യോഗസ്ഥർ പോലും പെരുമാറിയതെന്നും ആവശ്യമായ മുൻകരുതൽ ഇല്ലാതെ പോയതിന് കാരണം ഇതാണെന്നും പല നഗരങ്ങളിലെയും ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണെന്നും വാഷിങ്ടൺ പോസ്റ്റ് പറയുന്നു.
അതിവേഗത്തിൽ വ്യാപിക്കുന്ന കോവിഡ് കൂടുതൽ രൂപമാറ്റം വരുകയും അതിർത്തികൾ കടന്ന് മറ്റ് രാജ്യങ്ങളിലേക്കും വിപത്ത് സൃഷ്ടിച്ചേക്കാമെന്നും 'വാൾസ്ട്രീറ്റ് ജേണൽ' ആശങ്ക പങ്കുവെക്കുന്നു. ശാസ്ത്രലോകം നൽകിയ മുന്നറിയിപ്പുകളെ ഇന്ത്യ ചെവിക്കൊണ്ടില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.