യുദ്ധഭീതിക്കിടയിലും മോദി സർക്കാർ ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധഭീതിക്കിടെ ഇസ്രായേലിലേക്ക് 15,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ മോദി സർക്കാർ ‘ദേശീയ നൈപുണ്യ വികസന സഹകരണത്തിലൂടെ’ സൗകര്യമൊരുക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനുമുമ്പ് രാജ്യത്ത് നിന്നുള്ള യുവാക്കളെ സംശയാസ്പദമായ ഏജന്‍റുമാർ കബളിപ്പിച്ചിരുന്നുവെന്നും അവിടെയെത്തിയ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മോദി സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾ സൃഷ്ടിച്ച തൊഴിലില്ലായ്മിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും ‘എക്‌സി’ലെ പോസ്റ്റിൽ ഖാർഗെ ആഞ്ഞടിച്ചു. ‘അവിദഗ്ധരും അർധ വൈദഗ്ധ്യമുള്ളവരും അഭ്യസ്തവിദ്യരുമായ യുവാക്കൾ യുദ്ധഭീതിയുള്ള മേഖലകളിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയും ഉയർന്ന ശമ്പളത്തിൽ സേവനം ചെയ്യാൻ തയ്യാറാവുന്നു. രാജ്യത്തിനകത്തെ തൊഴിലുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉയർന്ന അവകാശവാദങ്ങൾ സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാനുള്ള വ്യാജ മറുപടികളല്ലാതെ മറ്റൊന്നുമല്ല. ഈ സംഘർഷ മേഖലകളിൽ ജോലി തേടാൻ നിർബന്ധിതരാകുന്ന ഹരിയാനയിലെ യുവാക്കൾ നാളെ ബി.ജെ.പിയെ ഉചിതമായ പാഠം പഠിപ്പിക്കു’മെന്നും ഖാർഗെ പറഞ്ഞു.
പത്ത് വർഷത്തെ ഇടവേളക്കു ശേഷം ബി.ജെ.പിയിൽനിന്ന് അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് കോൺഗ്രസ് അധ്യക്ഷന്റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.