വിവാദ കന്നുകാലി കശാപ്പ് വിജ്ഞാപനം പിൻവലിക്കുന്നു
text_fieldsന്യൂഡൽഹി: കർഷകരെ ദുരിതത്തിലാക്കുകയും ഗോരക്ഷകഗുണ്ടകളുടെ ആക്രമണത്തിനിടയാക്കുകയും ചെയ്ത വിവാദ കന്നുകാലി കശാപ്പ് വിജ്ഞാപനം റദ്ദാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിരവധി പ്രശ്നങ്ങൾ മൂലം മേയ് 23 ലെ വിജ്ഞാപനം പിൻവലിക്കുകയാണെന്നും പുതുക്കുമെന്നും അറിയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയമമന്ത്രാലയത്തിന് ഫയൽ സമർപ്പിച്ചു. 2017 ലെ മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരത തടയുന്ന (കന്നുകാലി ചന്ത നിയന്ത്രണവും) ചട്ടം സംബന്ധിച്ചുള്ള പ്രതികരണം അറിയിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാറുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
രാജ്യവ്യാപകമായി കന്നുകാലികശാപ്പ് നിരോധിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിെര രാഷ്ട്രീയപാർട്ടികളും കർഷകസംഘടനകളും മാത്രമല്ല കേരളം, പശ്ചിമ ബംഗാൾ, മേഘാലയ അടക്കമുള്ള സംസ്ഥാനങ്ങളും വടക്ക് -കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളും രംഗത്ത് വന്നിരുന്നു.
ചന്തകളിൽ വിൽക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യാൻ പാടില്ലെന്നും കാർഷികവൃത്തിക്ക് ഉപയോഗിക്കണമെന്നും ചട്ടങ്ങളിൽ നിർേദശിച്ചത് കർഷകർക്ക് ബുദ്ധിമുട്ടായി. പരിക്ക് പറ്റിയതും കാർഷികവൃത്തിക്ക് ഉപയോഗിക്കാൻ കഴിയാത്തതുമായ കന്നുകാലികളെ ചന്തകളിൽ വിൽക്കുകയായിരുന്നു പതിവ്. ഇതിന് നിരോധനം വന്നതോടെ സംഘ്പരിവാർ പിന്തുണയുള്ള ഗോരക്ഷകഗുണ്ടകൾ ആക്രമണവുമായി രംഗത്ത് വന്നു. കന്നുകാലികളെ വാങ്ങുന്ന മുസ്ലിം ക്ഷീരകർഷകരെ കശാപ്പുകാരെന്നാരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തുന്നതും പതിവായി.
മേയ് അവസാനത്തോടെ ചെന്നൈ ഹൈേകാടതി ചട്ടത്തിലെ 22(ബി)(മൂന്ന്) വകുപ്പ് നടപ്പാക്കുന്നതിന് താൽക്കാലിക സ്റ്റേ നൽകി. ചന്തകളിൽ കന്നുകാലികളെ വിൽക്കാൻ കൊണ്ടുവരുന്നവർ അതിനെ കശാപ്പ് ചെയ്യാൻ വിൽക്കില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കൊണ്ടുവരണമെന്നതായിരുന്നു ഇൗ വകുപ്പ്. ജൂലൈയിൽ സുപ്രീംകോടതി ചെന്നൈ ഹൈേകാടതി നടപടിയെ ദേശവ്യാപകമാക്കി. കേന്ദ്രനിലപാടിനെതിരെ പ്രതിഷേധം ശക്തമായതോടെ സെപ്റ്റംബറിൽ വിവാദചട്ടം പിൻവലിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഹർഷവർധൻ സൂചന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.