ട്വിറ്റർ സർവേയിൽ മോദിയെ ബഹുദൂരം പിന്തള്ളി രാഹുൽ; 58.8 ശതമാനംപേർ പിന്തുണച്ചത് 'രാഗാ'യെ
text_fieldsന്യൂഡൽഹി: ട്വിറ്റർ വോട്ടിങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്തള്ളി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നടനും മുൻ വി.ജെയുമായ രൺവീർ ഷോറി നടത്തിയ സർവേയിലാണ് രാഹുൽഗാന്ധി മുന്നിലെത്തിയത്. രാഹുൽ ഗാന്ധി നരേന്ദ്ര മോദി എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാൽ നിങ്ങൾ ആരെ തെരഞ്ഞെടുക്കും എന്ന കുറിപ്പോടെയാണ് സർവേ നടത്തിയത്.
345,207 പേർ സർവേയിൽ പങ്കെടുത്തു. ഇതിൽ 58.8 ശതമാനംപേരും രാഹുൽഗാന്ധിയെയാണ് പിന്തുണച്ചത്. 41.2 ശതമാനം പേർ മാത്രമാണ് മോദിക്ക് അനുകൂലമായി വിധിയെഴുതിയത്. ആയിരക്കണക്കിന് റീ ട്വീറ്റുകളും ലൈക്കും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ട്വിറ്ററിൽ ബി.ജെ.പി അനുകൂല നിലപാടുകൾ പലപ്പോഴും പ്രഖ്യാപിച്ചിട്ടുള്ള ആളാണ് സർവേ നടത്തിയ രൺവീർ ഷോറി എന്നതാണ് രസകരമായ കാര്യം. സി.എ.എ സംബന്ധിച്ച് സർക്കാർ വിളിച്ച വിശദീകരണ യോഗത്തിൽ പങ്കെടുത്ത രൺവീർ നിയമം മുസ്ലിംകൾക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
And if the only available choices are to be RaGa or NaMo, who would you choose?
— Ranvir Shorey (@RanvirShorey) February 16, 2021
രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശനത്തിന് പിന്നാലെ 'ഇന്ത്യ വാണ്ട്സ് രാുഹുൽഗാന്ധി' ഹാഷ്ടാഗ് ട്രെൻഡിങായിരുന്നു. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിൽ വിദ്യാർഥിനികളുമായി സംവദിച്ച രാഹുലിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹാഷ്ടാഗ് ജനപ്രിയമായത്. സംവാദത്തിൽ ചോദ്യം ചോദിക്കാനായി സാർ എന്ന് വിളിച്ച വിദ്യാർഥിനിയോട് തന്നെ പേര് വിളിച്ചാൽ മതിയെന്ന് രാഹുൽ തിരുത്തിയിരുന്നു.
'സാർ, ഞാനിവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര് സാർ എന്നല്ല. ഒ.കെ? എന്‍റെ പേര് രാഹുൽ, അതുകൊണ്ട് ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ.. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനെ സാർ എന്ന് വിളിക്കാം. അധ്യാപകരെ സാർ എന്ന് വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ' എന്നാണ് രാഹുൽ പറഞ്ഞത്.വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.