ആറു മാസം കൂടി ക്ഷമിക്കൂ, മോദി സർക്കാർ വീഴും -സത്യപാൽ മലിക്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ നിലംപൊത്തുമെന്നും ആറു മാസം കൂടി ക്ഷമിച്ചാൽ മതിയെന്നും ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലിക്. ഈ സർക്കാർ നിലംപൊത്തുമെന്ന് താൻ എഴുതിത്തരാമെന്നും, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി നടത്തിയ അഭിമുഖത്തിൽ സത്യപാൽ മലിക് പറഞ്ഞു.
ജമ്മു-കശ്മീരിൽ സാധാരണനില പുനഃസ്ഥാപിക്കാൻ സംസ്ഥാന പദവി തിരിച്ചുകൊടുക്കണമെന്നും സത്യപാൽ ആശവ്യപ്പെട്ടു. കർഷക സമരം തീർക്കാൻ വിളകൾക്ക് മിനിമം താങ്ങുവില നിയമനിർമാണത്തെക്കുറിച്ച് നൽകിയ വാഗ്ദാനം പാലിക്കാൻ സർക്കാറിന് കഴിയാതെ പോയത് അദാനി വമ്പൻ ഗോഡൗണുകൾ നിർമിച്ച് ഒരു വിലക്ക് സംഭരിച്ചതു കൊണ്ടാണ്.
അടുത്ത വർഷം അതിന്റെ വില ഉയരുമ്പോൾ അദാനി വിൽക്കും. മിനിമം താങ്ങുവില നടപ്പാക്കിയാൽ, വില കുറച്ച് അദാനിക്ക് കർഷകൻ വിൽക്കില്ല.
മണിപ്പൂരിൽ സർക്കാറിന് ഒരു നിയന്ത്രണവുമില്ല. പുതിയ പാർലമെന്റ് മന്ദിരം അനാവശ്യമായിരുന്നു. നരേന്ദ്ര മോദിക്ക് എല്ലാമൊരു ഷോ ആണ്. രാജ്യത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ട, ഭരിച്ചാൽ മതി -സത്യപാൽ മലിക് പറഞ്ഞു.
ജമ്മു-കശ്മീർ സാഹചര്യങ്ങൾ, അദാനി വിഷയം, പാർലമെന്റ് മന്ദിര നിർമാണം, കർഷക രോഷം തുടങ്ങി വിവിധ വിഷയങ്ങൾ കടന്നുവന്ന അഭിമുഖത്തിന്റെ പൂർണ രൂപം രാഹുൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.