മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക്
text_fieldsന്യൂഡൽഹി: ഘടക കക്ഷികൾക്കിടയിൽ സമവായവും മുന്നണി മര്യാദയും ഉറപ്പുനൽകി നരേന്ദ്ര മോദി മൂന്നാം എൻ.ഡി.എ സർക്കാറിന്റെ പ്രധാനമന്ത്രി പദത്തിലേക്ക്. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ന് നടന്ന എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം നരേന്ദ്ര മോദിയെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുത്തു. യോഗത്തിനുശേഷം രാഷ്ട്രപതി ഭവനിലെത്തിയ എൻ.ഡി.എ നേതാക്കൾ എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് സമർപ്പിച്ച് സർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ചു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സർക്കാറുണ്ടാക്കാൻ മോദിയെ ഔദ്യോഗികമായി ക്ഷണിച്ചു. സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിൽ നടക്കും.
ലോക്സഭയിലെയും രാജ്യസഭയിലെയും എൻ.ഡി.എ ഘടക കക്ഷികളുടെ എം.പിമാർക്ക് പുറമെ എൻ.ഡി.എ സംസ്ഥാന ഭാരവാഹികളും സെൻട്രൽ ഹാളിലെത്തിയിരുന്നു. എൻ.ഡി.എ നേതാവായി മോദിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് നാമനിർദേശംചെയ്തത്. അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവർക്ക് പുറമെ ചന്ദ്രബാബു നായിഡു (ടി.ഡി.പി), അജിത് പവാർ (എൻ.സി.പി), നിതീഷ് കുമാർ (ജനതാദൾ -യു), എച്ച്. കുമാരസ്വാമി (ജനതാദൾ എസ്), പവൻ കല്യാൺ (ജനസേനാ പാർട്ടി), അനുപ്രിയ പട്ടേൽ (അപ്നാദൾ), ജതിൻ റാം മഞ്ചി (ഹിന്ദുസ്ഥാൻ അവാം മോർച്ച), ഏക്നാഥ് ഷിൻഡെ (ശിവസേന) എന്നിവർ പിന്തുണച്ചു.
തുടർന്ന് നടത്തിയ പ്രസംഗത്തിൽ ‘ബി.ജെ.പി’യെന്ന് ഒരിക്കൽപോലും പരാമർശിക്കാതിരിക്കാൻ ശ്രദ്ധിച്ച മോദി ‘എൻ.ഡി.എ’ എന്ന് മാത്രം ഉപയോഗിച്ചു. 30 വർഷംകൊണ്ടാണ് എൻ.ഡി.എ ശക്തമായതെന്ന് പറഞ്ഞ മോദി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, പ്രകാശ് സിങ് ബാദൽ, ബാലാസാഹെബ് താക്കറെ, ജോർജ് ഫെർണാണ്ടസ്, ശരത് യാദവ് എന്നിവരുടെ പരിശ്രമങ്ങളെ പ്രകീർത്തിച്ചു.
ജനാധിപത്യത്തിൽ രാജ്യം ഭരിക്കാൻ ഭൂരിപക്ഷം കൂടിയേ തീരൂവെന്ന് മോദി വ്യക്തമാക്കി. അധികാരത്തിനുവേണ്ടി ഒരുമിച്ചുകൂടിയ പാർട്ടികളല്ല എൻ.ഡി.എയിലുള്ളത്. രാഷ്ട്രമാണ് ഒന്നാമതെന്ന തത്ത്വത്തിൽ രൂപപ്പെട്ട ജൈവിക സഖ്യമാണ്. തെരഞ്ഞെടുപ്പു വിജയത്തിന്റെ ക്രെഡിറ്റ് തനിക്കും ബി.ജെ.പിക്കും നൽകാതെ മോദി എൻ.ഡി.എക്ക് നൽകി. ജഹാം കം, വഹാം ഹം (എവിടെ കുറവുണ്ടോ അവിടെ ഞങ്ങളുണ്ട്) എന്ന നിലയിലാണ് എൻ.ഡി.എക്കായി പ്രവർത്തകർ രംഗത്തിറങ്ങിയതെന്ന് മോദി പറഞ്ഞു. യോഗത്തിനുശേഷം മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെ സന്ദർശിച്ച് ആശീർവാദം വാങ്ങിയശേഷമാണ് മോദി രാഷ്ട്രപതി ഭവനിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.