മോദി സർക്കാർ അടുത്ത ഇരയെ കണ്ടെത്തി, അത് ക്രിസ്ത്യാനികളാണ് -പി. ചിദംബരം
text_fieldsകേന്ദ്രത്തിലെ മോദി സർക്കാറിന്‍റെ അടുത്ത ലക്ഷ്യം കൃസ്ത്യാനികൾ ആണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ പി. ചിദംബരം. മോദി സർക്കാർ തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി ചിദംബരം പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കാൻ വിസമ്മതിച്ച ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയെയും ചിദംബരം ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചു. 2021 അവസാനിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. മോദി സർക്കാർ അവരുടെ അടുത്ത ഇരയെ കണ്ടെത്തിയിരിക്കുന്നു. അത് ക്രിസ്ത്യാനികളാണ്.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഭാവിയിൽ വിദേശ സംഭാവനകൾ നിഷേധിക്കുന്നതിനേക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവർക്കും ദരിദ്രർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസയുടെ സ്മരണക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എഫ്.സി.ആർ.എ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഡിസംബർ 25ന് അത് നിരസിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ ട്വീറ്റ്.
അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു അക്കൗണ്ടുപോലും മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്നും ചാരിറ്റി തന്നെയാണ് അക്കൗണ്ട് മരവിക്കാൻ ബാങ്കിന് നിർദേശം നൽകിയതെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
1950 ഒക്ടോബറിലാണ് മദർ തെരേസ 10 അംഗങ്ങളുമായി മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിക്കുന്നത്. അനാഥാകൾക്കും കുഷ്ഠരോഗികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന ഇന്ത്യയിൽ 71 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യാ സന്ദർശനത്തിന് പോപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച വേളയിൽതന്നെ കൃസ്ത്യൻ സമൂഹത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനിഷ്ട സംഭവങ്ങൾ വർധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.