വീണ്ടും മോദി സർക്കാറെന്ന് ബി.ജെ.പി; വഞ്ചനദിനം ആചരിക്കാൻ പ്രതിപക്ഷം
text_fieldsന്യൂഡൽഹി: നാലു വർഷത്തെ ഭരണം പിന്നിട്ട് നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുപ്പു വർഷത്തിലേക്ക്. നല്ല ദിനങ്ങൾ വരുന്നുവെന്ന ‘അച്ഛേ ദിൻ’ മുദ്രാവാക്യം സർക്കാർതന്നെ കൈവിട്ടു. ഭരണവൈകല്യങ്ങളോടുള്ള അമർഷം നീറുന്നു. ഇതിനിടെ കടന്നു വരുന്ന നാലാം വാർഷികത്തിൽ പ്രതിപക്ഷം ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ ‘2019ൽ വീണ്ടും മോദിസർക്കാർ’ എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുകയാണ് ബി.ജെ.പി.
നാലാം വാർഷികത്തിൽ ഭരണനേട്ടങ്ങളെക്കുറിച്ച് വ്യാപക പ്രചാരണം തുടങ്ങുകയാണ് സർക്കാർ. 48 മാസത്തെ ഭരണവും 48 വർഷത്തെ ഭരണവും താരതമ്യപ്പെടുത്താൻ ജനങ്ങളെ ആഹ്വാനം ചെയ്യും. മൂന്നു ഡസൻ കേന്ദ്രമന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിൽ ഭരണനേട്ടം വിശദീകരിക്കും. ഒഡിഷയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറക്കുക. ഡൽഹിയിൽ പാർട്ടി അധ്യക്ഷൻ അമിത്ഷാ പ്രത്യേക വാർത്തസമ്മേളനം നടത്തും. ‘സംശുദ്ധ ലക്ഷ്യം, ശരിയായ വികസനം’ എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ശ്രമം. എന്നാൽ, പ്രതിപക്ഷം സമരമുഖത്താണ്. മോദി സർക്കാറിെൻറ വാർഷികം വഞ്ചനദിനമായി ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ജില്ലതലങ്ങളിൽ പ്രതിഷേധിക്കും. സി.പി.എം, തൃണമൂൽ കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികൾ പ്രതിേഷധ പരിപാടികൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
കേവലഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ 2019ലെ തെരഞ്ഞെടുപ്പിനെ ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. സാമ്പത്തിക, സാമൂഹികാന്തരീക്ഷം താറുമാറാക്കിയത് ജനങ്ങളിൽ അമർഷം വർധിപ്പിച്ചത് ഒരു വശത്ത്. ബി.ജെ.പിവിരുദ്ധ പ്രതിപക്ഷനിര ഒന്നാകെ മോദിയെ താഴെയിറക്കാൻ നടത്തുന്ന െഎക്യനീക്കം മറുവശത്ത്.
നോട്ടു നിരോധനം, ജി.എസ്.ടി എന്നിവ സൃഷ്ടിച്ച പൊല്ലാപ്പുകൾ സർക്കാറിനോടുള്ള മധ്യവർഗക്കാരുടെ ആഭിമുഖ്യം ചോർത്തിക്കളഞ്ഞു. പണഞെരുക്കവും തട്ടിപ്പുകളും ബാങ്കിങ് മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. അത് ബാങ്കുകളിൽനിന്ന് സാധാരണക്കാരെ അകറ്റി. ആധാർ, നികുതി-ബാങ്കിങ് പരിഷ്കാരങ്ങൾ എന്നിവ സൃഷ്ടിച്ച കുരുക്കുകൾക്കു പുറമെയാണ് ഇന്ധന വിലവർധനയും വിലക്കയറ്റവും.
സാമൂഹികമായി അസഹിഷ്ണുതയുടെ അന്തരീക്ഷം. മുസ്ലിംകൾക്കും ദലിതുകൾക്കുംനേരെ ആക്രമണങ്ങൾ തുടരുന്നു. ആൾക്കൂട്ട ഭ്രാന്തുകൾ ഭയപ്പാടിെൻറ അന്തരീക്ഷം ഉണ്ടാക്കി. സമാധാനാന്തരീക്ഷം വീണ്ടെടുക്കാനാവാത്തവിധം കശ്മീർ കലങ്ങി. വികസന വായ്ത്താരികൾക്കപ്പുറം മേക് ഇൻ ഇന്ത്യയും സ്മാർട് സിറ്റി പദ്ധതിയുമെല്ലാം പൊളിഞ്ഞു. കർഷകർ പ്രതിസന്ധിയിൽ. അഴിമതിക്കെതിരെ പട നയിച്ച് അധികാരം പിടിച്ചതല്ലാതെ, അഴിമതി നിയന്ത്രണ കർമപദ്ധതികൾ കൊണ്ടുവരാൻ ആയില്ല.
ലോക്സഭ തെരഞ്ഞെടുപ്പിനുശേഷമുള്ള ഉപതെരഞ്ഞെടുപ്പുകൾ മിക്കതിലും തോറ്റ് ലോക്സഭയിൽ ബി.ജെ.പിയുടെ അംഗബലം 272 സീറ്റായി ചുരുങ്ങി. അസംഭവ്യമെന്നു കരുതിയ പ്രാദേശിക സഖ്യങ്ങൾ രൂപപ്പെടുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുകയും പ്രതിപക്ഷത്തിെൻറ പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് ശനിയാഴ്ച മോദിസർക്കാറിെൻറ നാലാം വാർഷികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.