സ്വകാര്യവൽക്കരണത്തിലൂടെ ബി.ജെ.പി സംവരണം ഇല്ലാതാക്കി -കോൺഗ്രസ്
text_fieldsന്യൂഡൽഹി: സ്വകാര്യവൽക്കരണത്തിലൂടെ ബി.ജെ.പി സംവരണം ഇല്ലാതാക്കിയെന്ന് കോൺഗ്രസ്. രാജ്യത്തിന്റെ സ്വത്തുക്കളെല്ലാം സുഹൃത്തുക്കളായ ചില കോർപ്പറേറ്റ് മുതലാളിമാർക്കാണ് മോദി നൽകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. കോർപ്പറേറ്റുകളുടെ താൽപര്യങ്ങളാണ് കേന്ദ്രസർക്കാർ സംരക്ഷിക്കുന്നത്. ജനക്ഷേമം അവർക്ക് പ്രശ്നമല്ലെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
സ്വകാര്യവൽക്കരണത്തോടെ ആദിവാസികൾക്കും ദളിതുകൾക്കും ഒ.ബി.സി വിഭാഗത്തിനുമുള്ള സംവരണം ഇല്ലാതായി. മോദിയുടെ ഭരണകാലത്ത് 2.7 ലക്ഷം പൊതുമേഖല ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി. കരാർ ജീവനക്കാരുടെ എണ്ണം പൊതുമേഖല സ്ഥാപനങ്ങളിൽ 2013ൽ 19 ശതമാനം മാത്രമായിരുന്നു. 2022ൽ ഇത് 43 ശതമാനമായി ഉയർന്നു. 1991ന് ശേഷമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിൽ 73 ശതമാനവും നടത്തിയത് മോദിയാണെന്നും ജയ്റാം രമേശ് പറഞ്ഞു.
ഇന്ത്യയുടെ വളർച്ചയിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. വലിയ രീതിയിൽ തൊഴിൽ സൃഷ്ടിച്ച് പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ വലിയ രീതിയിൽ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുകയാണ് മോദി ചെയ്തത്. ഇതിലൂടെ വലിയ തൊഴിൽ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജയ്റാം രമേശ് പറഞ്ഞു.
രാജ്യത്തിന്റെ പൊതുസ്വത്ത് മോദിയുടെ സുഹൃത്തുക്കളായ കോർപ്പറേറ്റുകൾക്ക് കൈമാറുകയാണ് ബി.ജെ.പി ചെയ്തത്. ഇത് വലിയ രീതിയിൽ തൊഴിൽ നഷ്ടമുണ്ടാക്കി. മോദിയുടെ കോർപ്പറേറ്റ് താൽപര്യങ്ങൾക്ക് വേണ്ടി ജനക്ഷേമം ബി.ജെ.പി ബലികഴിപ്പിച്ചുവെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.