10 വർഷമായി റെയിൽ മന്ത്രാലയത്തിൽ കെടുകാര്യസ്ഥത; അപകടത്തിന്‍റെ ഉത്തരവാദി സർക്കാർ -ഖാർഗെ
text_fieldsന്യൂഡൽഹി: ബംഗാളിലെ ജൽപായ്ഗുരിക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. മോദി സർക്കാർ റെയിൽവേയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. ഇന്നത്തെ അപകടത്തിന്‍റെ ഉത്തരവാദി കേന്ദ്രസർക്കാറാണെന്നും ഖാർഗെ ആരോപിച്ചു. ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ഇത്തരം അപകടം ഇല്ലാതാക്കാൻ റെയിൽവേ നടപടി സ്വീകരിച്ചില്ലെന്ന വിമർശനമുയരുന്നതിനിടെയാണ് ഖാർഗെയുടെ കടന്നാക്രമണം.
“കഴിഞ്ഞ പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമെന്ന നിലയിൽ, റെയിൽ മന്ത്രാലയത്തെ മോദി സർക്കാർ സ്വയം പ്രമോഷനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് പറയേണ്ടത് ഞങ്ങളുടെ കടമയാണ്. ഇന്നത്തെ ദുരന്തത്തിനു പിന്നിലും ഈ കെടുകാര്യസ്ഥതയാണ്” -ഖാർഗെ എക്സിൽ കുറിച്ചു.
ട്രെയിൻ അപകടത്തിന്‍റേത് ഏറെ ദുഃഖം നൽകുന്ന വാർത്തയാണെന്നും ഖാർഗെ പറഞ്ഞു. അപകടസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ വേദനിപ്പിക്കന്നതാണ്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തോടൊപ്പം ചേരുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ ഭേദമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. എല്ലാവർക്കുമുള്ള സഹായധനം സർക്കാർ എത്രയും വേഗത്തിൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സീൽഡയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർ മരിക്കുകയും അറുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ലോക്കോ പൈലറ്റ് ഉൾപ്പെടെ മൂന്ന് റെയിൽവേ ജീവനക്കാർ ഉൾപ്പെടും. മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.