തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് മോദി സർക്കാർ ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ല; യു.എ.പി.എയിൽ ഉവൈസി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് മോദി സർക്കാർ ഇനിയും പാഠം ഉൾക്കൊണ്ടിട്ടില്ലെന്ന് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. മുസ്‍ലിം, ആദിവാസി, ദലിത് വിഭാഗങ്ങൾക്ക് യു.എ.പി.എയിൽ ഇപ്പോഴും ആശങ്കയുണ്ടെന്ന് ഉവൈസി പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്നും നരേന്ദ്ര മോദി പാഠം ഉൾക്കൊള്ളുമെന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അത് ഉണ്ടായില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നതെന്ന് ഉവൈസി പറഞ്ഞു.
യു.എ.പി.എ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആയിരക്കണക്കിന് മുസ്‍ലിംകളും ദലിതുകളും ആദിവാസികളുമാണ് യു.എ.പി.എ മൂലം ജയിലുകളിൽ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജയിലറക്കുള്ളിൽ സ്റ്റാൻസ്വാമിയുടെ മരണത്തിന് കാരണമായത് യു.എ.പി.എ നിയമമായിരുന്നു. 2019ൽ യു.എ.പി.എ നിയമഭേദഗതി ബിൽ വന്നപ്പോൾ താൻ അതിനെ എതിർത്തിരുന്നു. 2008ലും 2012ലും യു.പി.എ സർക്കാറിന്റെ ഭരണകാലത്ത് നിയമഭേദഗതി ഉണ്ടായപ്പോഴും താൻ അതിന് എതിരായിരുന്നുവെന്ന് ഉവൈസി പറഞ്ഞു.
നേരത്തെ ഡൽഹി ലഫ്റ്റന്റ് ഗവർണർ വി.കെ സക്സേന ബുക്കർ ജേതാവായ അരുന്ധതി റോയിയെ പ്രോസിക്യൂഷൻ ചെയ്യാൻ അനുമതി നൽകിയിരുന്നു. 2010ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.