ഏജൻസി വേട്ടയിൽ മിണ്ടില്ല
text_fieldsന്യൂഡൽഹി: മോദിസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന വിഷയത്തിൽ ഇടപെടണമെന്ന വിവിധ പാർട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പു കമീഷൻ തള്ളി. നിയമ-നീതിന്യായ പ്രക്രിയയിൽ കടന്നുകയറുന്നത് ശരിയല്ലെന്ന വിശദീകരണത്തോടെയാണിത്. തെരഞ്ഞെടുപ്പു കാലത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം പ്രമുഖ പാർട്ടികളുടെ നേതാക്കൾ പ്രചാരണത്തിന് പോകാൻ കഴിയാതെ ജയിലിൽ കഴിയുമ്പോഴാണ് കമീഷന്റെ ഈ നിലപാട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും പ്രതികാര രാഷ്ട്രീയം കളിക്കുന്നതിനാൽ ബി.ജെ.പിയെപ്പോലെ തെരഞ്ഞെടുപ്പിനെ നേരിടാൻ തുല്യമായ അവസര-സാഹചര്യങ്ങൾ കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാക്കൾ കമീഷന് നൽകിയ പരാതിയിൽ കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ തലപ്പത്തുള്ളവരെ മാറ്റണമെന്ന ആവശ്യമുയർത്തി തെരഞ്ഞെടുപ്പു കമീഷനെ കണ്ട തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധം കമീഷൻ ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരിപ്പ്, പൊലീസ് ബലപ്രയോഗം എന്നിവയിലാണ് കലാശിച്ചത്.
ഇത്തരം സാഹചര്യങ്ങൾക്കിടയിലാണ് കമീഷൻ വിശദീകരണ പ്രസ്താവന പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ വിഭാഗീയ, വർഗീയ അജണ്ടകൾ പ്രചാരണ വേദികളിൽ എടുത്തിടുന്ന വിഷയം പലവട്ടം ഉയർന്നുവന്നതിനോടും കമീഷൻ മുഖം തിരിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള ഒരു മാസത്തിനിടയിൽ പാർട്ടികളും നേതാക്കളും പൊതുവെ പെരുമാറ്റച്ചട്ടം പാലിച്ചുവെന്നാണ് കമീഷന്റെ നിരീക്ഷണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ യാത്രയിൽ പണം കൊണ്ടുപോകുന്നുവെന്ന സംശയം ജനിപ്പിക്കുന്ന വിധം കഴിഞ്ഞ ദിവസം പരിശോധന നടന്നതും ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പു കമീഷന്റെ നിർദേശപ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗങ്ങൾക്കെതിരായ പ്രതിപക്ഷ പരാതികളിലാകട്ടെ, നടപടി ഒന്നുമുണ്ടായില്ല.
കമീഷന്റെ നിഷ്പക്ഷതയിൽ സംശയം പ്രകടിപ്പിക്കുന്നതിലെ അതൃപ്തിയും പ്രസ്താവനയിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനിടയിൽ ഏഴു പാർട്ടികളുടെ 16 സംഘങ്ങളിൽനിന്ന് നേരിട്ടു പരാതി സ്വീകരിച്ചതായും ഇതിൽ ഭൂരിഭാഗവും തീർപ്പാക്കിയതായും കമീഷൻ വിശദീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 200 പരാതികൾ രേഖാമൂലം നൽകിയതിൽ 169ലും തീരുമാനം എടുത്തുകഴിഞ്ഞുവെന്നും കമീഷൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.