ഹോട്ടലുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കാൻ സാധ്യത; മാസ്കും ആരോഗ്യസേതു ആപ്പും നിർബന്ധമാക്കും
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയും ലോക്ഡൗണും കനത്ത പ്രഹരമേൽപ്പിച്ച ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ പുനഃരാരംഭിക്കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ടൂറിസം മന്ത്രാലത്തിെൻറ നേതൃത്വത്തിൽ ഹോട്ടലുകൾക്കും വിനോദയാത്രാ സംഘാടകർക്കുമുള്ള മാർഗനിർദേശങ്ങൾ തയാറാക്കിയതായി ‘ദ പ്രിൻറ്’ റിപ്പോർട്ട് ചെയ്തു.
‘‘കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുക എന്നതിനാണ് മുൻഗണന. ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ടാക്സി ഡ്രൈവർമാർ എന്നിവർക്കായി പ്രോട്ടോക്കോളുകളും മാർഗനിർദ്ദേശങ്ങളും തയാറാക്കുന്നു. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ് മാർഗനിർദ്ദേശങ്ങൾ തയാറാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പുകളുടെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.’’ -ടൂറിസം മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ രൂപീന്ദർ ബ്രാർ പറഞ്ഞു.
നിർദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഹോട്ടൽ മുറികൾ ബുക്ക് ചെയ്യുന്ന സഞ്ചാരികൾക്ക് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമായും ഡൗൺലോഡ് ചെയ്യണം. ഇതുകൂടാതെ, ഹോട്ടലുകളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്ക് ദിവസേന തെർമൽ സ്ക്രീനിങ് നടത്തണം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം എന്നീ നിർദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെക്കുന്നു.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാർഗനിർദേശങ്ങളിൽ മാറ്റമുണ്ടായേക്കാം. സംസ്ഥാനങ്ങളിലെ ടൂറിസം സെക്രട്ടറിമാരുമായി കൂടിയാലോചിച്ച ശേഷമേ ടൂറിസം മന്ത്രാലയം മാർഗനിർദേശം പുറത്തുവിടുകയുള്ളൂയെന്നും രൂപീന്ദർ ബ്രാർ അറിയിച്ചു.
ലോക്ഡൗൺ ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരേണ്ട മാസങ്ങളാണ് കടന്നുപോയത്. ടൂറിസം മേഖലക്കുണ്ടായ നഷ്ടം വീണ്ടെടുക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളിൽ താമസിക്കുന്നവർ അവരുടെ യാത്രാവിവരങ്ങളും വിശദമായ വ്യക്തി വിവരങ്ങളും നൽകേണ്ടിവരുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. അവരുടെ ആരോഗ്യ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകേണ്ടിവരും.
സാമൂഹ്യ അകലം കർശനമായി പാലിക്കപ്പെടേണ്ടതിനാൽ വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും പരസ്പരം 2 മീറ്ററിൽ കൂടുതൽ ദൂരം നിലനിർത്തണം. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ സഞ്ചാരികളുടെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരം ലഭിക്കും.
ആദ്യഘട്ടത്തിൽ ഹ്രസ്വ ദൂരയാത്രകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രാവൽ ഓപ്പറേറ്റർമാർക്കുള്ള നിർദേശം. കോവിഡ് ഭയമുള്ളതിനാൽ വിനോദയാത്രകൾ പോകാൻ മടിക്കുന്നതിനാൽ അതാത് നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ‘വോക്കൽ ഫോർ ലോക്കൽ’ എന്നതാണ് ടൂറിസം വകുപ്പ് മുന്നോട്ടുവെക്കുന്ന ആദ്യ പദ്ധതിയെന്നും രൂപീന്ദർ ബ്രാർ പറഞ്ഞു.
പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി മന്ത്രാലയം ഓൺലൈൻ പ്രോഗ്രാം നടത്തുന്നുണ്ട്. ടൂറിസം, സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിെൻറ നേതൃത്വത്തിലാണ് ‘ദെഖോ അപ്നാ ദേശ്’ എന്ന ഓൺലൈൻ പ്രോഗ്രാം നടത്തുന്നത്. അതിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങൾ കാണിക്കുന്നുണ്ടെന്നും ബ്രാർ കൂട്ടിച്ചേർത്തു.
അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഗോവ, ഗുരുഗ്രാം, ഹൈദരാബാദ്, ജയ്പൂർ, മുംബൈ, പൂനെ, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഹോട്ടൽ വ്യവസായത്തിൽ വൻ ഇടിവാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.