മോദി സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്ന് ലാലു പ്രസാദ് യാദവ്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്ന് ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 240 സീറ്റുകളാണ് ലഭിച്ചത്. ഇക്കുറി ഒറ്റക്ക് 272 എന്ന മാജിക് നമ്പർ പിന്നിടാൻ അവർക്ക് സാധിച്ചിരുന്നില്ല.
ജെ.ഡി.യു, ടി.ഡി.പി തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി മൂന്നാമതും സർക്കാർ രൂപീകരിച്ചത്. ഇതിനിടെ സർക്കാറിന് അധികം ആയുസുണ്ടാവില്ലെന്ന പ്രസ്താവനയുമായി നേതാക്കൾ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
നേരത്തെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ ജെ.ഡി.യുവിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവും തേജസ്വി യാദവും രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് വഴി പാർട്ടി അവരുടെ ആശയങ്ങളിൽ വിട്ടുവീഴ്ച ചെയ്തുവെന്നായിരുന്നു ലാലുവിന്റെ പ്രധാനവിമർശനം.
അധികാരത്തിന് വേണ്ടി ബി.ജെ.പിക്ക് മുന്നിൽ മുട്ടുമടക്കാത്ത ഏകപാർട്ടി ആർ.ജെ.ഡിയാണെന്ന് തേജസ്വിയും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം ഒമ്പത് ശതമാനം ഉയർത്താൻ ആർ.ജെ.ഡിക്ക് കഴിഞ്ഞു. ബി.ജെ.പിയുടെ വോട്ട് വിഹിതം ആറ് ശതമാനം കുറഞ്ഞു. ഇപ്പോൾ ആർ.ജെ.ഡിക്ക് നാല് സീറ്റുകൾ കിട്ടി. വരും തെരഞ്ഞെടുപ്പുകളിൽ സീറ്റുകളുടെ എണ്ണം ഉയരുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.