മോടി കുറഞ്ഞ് ഗാരന്റി
text_fieldsമാറ്റത്തിന് കൊതിച്ച പൊതുതെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ ജയം എൻ.ഡി.എക്ക്. മുന്നണിയെ നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെങ്കിലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളും ഭരണകൂട സംവിധാനങ്ങളുമെല്ലാം ഒത്തുചേർന്നാണ് എൻ.ഡി.എക്ക് മൂന്നാമൂഴമൊരുക്കിയത്. അയോധ്യയിൽ പണിതീരാത്ത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ജനുവരിയിൽ നടത്തിയത് പൊതുതെരഞ്ഞെടുപ്പിന് ഈസി വാക്കോവർ പ്രതീക്ഷിച്ചായിരുന്നുവെങ്കിലും ബി.ജെ.പിയുടെ കണക്കുകൂട്ടൽ തെറ്റി. ഉത്തർപ്രദേശിൽ ചെന്ന് രാം മന്ദിറിനല്ലേ ഇക്കുറി വോട്ട് എന്ന് ചോദിച്ചപ്പോഴൊക്കെയും മന്ദിർ വന്നു കഴിഞ്ഞല്ലോ, അതിനെന്തിനാണിനി വോട്ട് എന്ന് തിരിച്ചുചോദിക്കുന്ന രാമഭക്തരെയാണ് കണ്ടത്.
മോദി വേണ്ടെന്നുവെച്ച ഗാരന്റി
ഏതൊരു ഗാരന്റി മോദി പറഞ്ഞുവോ ആ ഗാരന്റിയിൽ അദ്ദേഹം പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നതല്ല രാജ്യം കണ്ടത്. തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ ഭരണവിരുദ്ധമാണെന്ന് കണ്ടതോടെ ക്ഷേമ, വികസന ഗാരന്റികൾ വഴിയിലുപേക്ഷിച്ച് മുസ്‍ലിം വിദ്വേഷത്തിന്റെ ഗാരന്റിയുമായി മോദി ഇറങ്ങി. രണ്ടുകോടി തൊഴിൽ, 15 ലക്ഷം വീതം അക്കൗണ്ടിൽ, കർഷക കടം എഴുതിത്തളളൽ, കാർഷിക വിളകൾക്ക് ഇരട്ടി വില, ചുരുങ്ങിയ താങ്ങുവില തുടങ്ങിയ ഗാരന്റികളൊന്നും നടപ്പാക്കാത്ത മോദിയുടെ ഗാരന്റി കള്ളമാണ് എന്ന ‘ഇൻഡ്യ’യുടെ പ്രചാരണം വോട്ടർമാരിലേശുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും പ്രയോഗിക്കാത്ത നിന്ദ്യമായ പ്രയോഗങ്ങൾ അദ്ദേഹം മുസ്‍ലിം സമുദായത്തിനുനേരെ നടത്തി. വിദ്വേഷ പ്രചാരണത്തിന് തടയിടേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുകുത്തിയായി തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടം കഴിയുന്നതുവരെ പ്രധാനമന്ത്രിയെ കയറൂരി വിട്ടു.
ഒരു പ്രധാനമന്ത്രിയും ചെയ്യാത്തത്
പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന്റെ നൂറുകണക്കിന് പരാതികൾ കമീഷന് മുമ്പാകെയെത്തിയതും ഈ പൊതുതെരഞ്ഞെടുപ്പിനെ വേറിട്ടതാക്കി. പ്രധാനമന്ത്രിയെ മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായെയും തൊടാൻ ഭയന്ന കമീഷൻ ബാധ്യത തീർക്കാനെന്ന മട്ടിൽ ബി.ജെ.പി പ്രസിഡന്റിന് നോട്ടീസ് നൽകി കൈകഴുകി.
വഴിയൊരുക്കി കമീഷൻ
പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന് വഴിയൊരുക്കിയത് കമീഷൻ ആണെന്ന് പറയുന്നതാണ് നേര്. ബി.ജെ.പിയുടെ പ്രധാന താരപ്രചാരകനായ പ്രധാനമന്ത്രിക്ക് സ്വന്തം വിദ്വേഷ പ്രചാരണത്തിന് അനുസൃതമായ തരത്തിലാണ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ കമീഷൻ നിർണയിച്ചത്. വിദ്വേഷത്തിന് വളക്കൂറില്ലാത്തതും ന്യൂനപക്ഷ സമുദായങ്ങൾ കേന്ദ്രീകരിച്ചതുമായ സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും ആദ്യ ഘട്ടങ്ങളിലാക്കി. തമിഴ്നാടും കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഹിന്ദി ബെൽറ്റിലെ പടിഞ്ഞാറൻ യു.പിയും സീമാഞ്ചലുമെല്ലാം കമീഷൻ ആദ്യ ഘട്ടങ്ങളിൽ തീർത്തു. മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ചയാക്കി. വിദ്വേഷത്തിന് അൽപം ഇടം കൊടുക്കുന്ന തരത്തിലായിരുന്നു മൂന്നാം ഘട്ടത്തിനായി തിരഞ്ഞെടുത്ത മണ്ഡലങ്ങൾ. നാലുമുതൽ ഏഴുവരെ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ച മണ്ഡലങ്ങൾ വിദ്വേഷ പ്രസംഗങ്ങളിലൂടെ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം സാധ്യമാക്കാൻ ബി.ജെ.പിയെ സഹായിക്കുന്നതായി മാറി. 2019ൽ പരീക്ഷിച്ച് വിജയിച്ചതിന്റെ തനിയാവർത്തനമായിരുന്നു ഇത്.
കാഴ്ചക്കാരായി കോടതികൾ
പ്രധാനമന്ത്രിയുടെ നാവിന് തടയിടാൻ തെരഞ്ഞെടുപ്പ് കമീഷനാവില്ലെന്ന് വന്നതോടെ ജനം കോടതി വാതിലിലും മുട്ടി. അവിടെയും നിരാശയായിരുന്നു ഫലം. കീഴ് കോടതികൾ മുതൽ ഉന്നത കോടതികൾ വരെ വിദ്വേഷ പ്രചാരണത്തിനെതിരായ ഹരജികൾ ഒന്നിനുപിറകെ ഒന്നായി തള്ളി. ചട്ടലംഘനത്തിനും നിയമലംഘനത്തിനുമെതിരായ ഹരജികൾ തള്ളുന്നതിന് കൃത്യമായ കാരണം പറയാതെ വിഷയത്തിൽ ഇടപെടാൻ വിസമ്മതിക്കുകയാണ് കോടതികൾ ചെയ്തത്. തെരഞ്ഞെടുപ്പ് നീതിപൂർവകവും നിഷ്പക്ഷവുമാക്കാൻ വോട്ടുയന്ത്രങ്ങളിലെ മുഴുവൻ വോട്ടുകളും വിവിപാറ്റുമായി ഒത്തുനോക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി മോദി സർക്കാറിനും തെരഞ്ഞെടുപ്പ് കമീഷനും എതിർപ്പില്ലാത്ത തരത്തിൽ അഞ്ചു ശതമാനം വോട്ടുകൾ മാത്രം ഒത്തുനോക്കാമെന്നാണ് വിധിച്ചത്. ഈ വിധിപ്രകാരം ഒരു മണ്ഡലത്തിലെ അഞ്ചുശതമാനം ഒത്തുനോക്കണമെങ്കിൽ ചെലവായി പത്ത് കോടിയിലേറെ രൂപ കെട്ടിവെക്കണമെന്ന് വോട്ടെണ്ണലിന്റെ രണ്ടുദിവസം മുമ്പ് കമീഷൻ ഉത്തരവുമിറക്കി. തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം 17 സി ഫോറത്തിലെ വിവരങ്ങൾ കമീഷൻ മറച്ചുവെച്ചത് വെളിപ്പെടുത്താൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കമീഷനെ കുറച്ചൊക്കെ വിശ്വാസത്തിലെടുക്കണമെന്ന് ഹരജിക്കാരെ ഉപദേശിച്ച് അതും തള്ളി.
വർധിത വീര്യത്തിലായ ഭരണ സംവിധാനങ്ങൾ
ഭരണഘടനാ സ്ഥാപനങ്ങളുടെ സമീപനം ബി.ജെ.പിക്ക് അനുകൂലമായതോടെ ഭരണ സംവിധാനങ്ങളും വർധിത വീര്യത്തിലായി. തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയാൽ ഭരണ സംവിധാനങ്ങളുടെ കടിഞ്ഞാൺ പൂർണമായും തെരഞ്ഞെടുപ്പ് കമീഷന്റെ കൈയിലാകാറാണ് പതിവെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഭരണസംവിധാനങ്ങളെ ഭരണകൂടം തന്നെ നിയന്ത്രിച്ചു. അവയത്രയും മോദിയുടെയും അമിത് ഷായുടെയും നിർദേശങ്ങൾക്ക് കാതോർത്തു. വിജ്ഞാപനത്തിനുശേഷവും കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.