‘നിങ്ങൾ തൊഴിൽ ചോദിച്ചാൽ അവർ രാമക്ഷേത്ര പൂട്ടിനെ കുറിച്ച് പറയും; ഹിന്ദു-മുസ്‍ലിം, ക്ഷേത്രം-പള്ളി പേരുപറഞ്ഞ് ഭീതിവിതക്കും’ -ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഉവൈസി
text_fieldsനസ്റിഗഞ്ച്: ഹിന്ദുസ്ത്രീകളുടെ കെട്ടുതാലിയും നിർധന ജാതികൾക്കുള്ള ക്വാട്ടയും ഇൻഡ്യ സഖ്യം മുസ്‍ലിംകൾക്ക് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം മുസ്‍ലിംകളെ അപമാനിക്കുന്നതാണെന്ന് അസദുദ്ദീൻ ഉവൈസി. ബിഹാറിലെ കാരക്കാട്ട് ലോക്‌സഭാ മണ്ഡലത്തിൽ എ.ഐ.എം.ഐ.എം (ആൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ) സ്ഥാനാർഥി പ്രിയങ്ക ചൗധരിയുടെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഹിന്ദു- മുസ്‍ലിം, ക്ഷേത്രം- പള്ളി പേരുപറഞ്ഞ് ജനങ്ങൾക്കിടയിൽ ഭീതിവിതക്കുന്ന മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരില്ലെന്ന് ഉറപ്പ് വരുത്താൻ പ്രതിജ്ഞയെടുക്കണം. മോദി അധികാരത്തിൽ തിരിച്ചെത്തിയാൽ ജനങ്ങളുടെ പ്രശ്‌നം കേൾക്കാൻ ഇവിടെ ആരുമുണ്ടാകില്ല. യുവാക്കൾ തൊഴിൽ നഷ്‌ടത്തെക്കുറിച്ച് പറയുമ്പോൾ, അവർ (ബി.ജെ.പി) രാമക്ഷേത്രത്തിന് പൂട്ടിടുന്നതിനെ കുറിച്ച് പറയും. നോട്ട് നിരോധനത്തിന്റെ പേരിൽ നൂറുകണക്കിന് വ്യാവസായിക യൂണിറ്റുകൾ എന്നെന്നേക്കുമായി പൂട്ടിക്കിടക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിഷമവും ഉണ്ടായിരുന്നില്ല” -റോഹ്താസ് ജില്ലയിലെ നസ്റിഗഞ്ചിൽ നടന്ന റാലിയിൽ ഉവൈസി പറഞ്ഞു.
‘മുസ്‍ലിം സ്ത്രീകൾ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നു, മുസ്‌ലിംകൾ ഹിന്ദുക്കളുടെ കെട്ടുതാലിയിൽ കൈ വയ്ക്കാൻ നോക്കുന്നു എന്നൊക്കെ പറഞ്ഞ് മോദി സമുദായത്തെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. ഒരു യഥാർഥ മുസ്‍ലിം എപ്പോഴും തന്റെ സഹോദരിമാരെയും അവരുടെ കെട്ടുതാലിയെയും സംരക്ഷിക്കും” -ഉവൈസി പറഞ്ഞു.
ബിഹാറിൽ കാരക്കാട്ട് ഉൾപ്പെടെ നിരവധി സീറ്റുകളിൽ എ.ഐ.എം.ഐ.എം സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. “ഞങ്ങളുടെ സഹോദരി പ്രിയങ്ക ചൗധരിക്ക് വോട്ട് ചെയ്യുക. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബി.ജെ.പിയുടെ മറ്റേതെങ്കിലും നേതാവോ അല്ലെന്ന് എന്റെ പാർട്ടി ഉറപ്പാക്കും. ഇതെന്റെ വാഗ്ദാനമാണ്’’ -അദ്ദേഹം പറഞ്ഞു.
അതിനിടെ, ഉവൈസിയുടെ പാർട്ടി വോട്ടുകൾ ഭിന്നിപ്പിക്കുകയാണെന്നും അവർക്ക് വോട്ട് ചെയ്യരുതെന്നുമുള്ള ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ വിഡിയോ സന്ദേശത്തെ ഉവൈസി വിമർശിച്ചു. ‘മുസ്‌ലിം-യാദവ് ഐക്യത്തിന്റെ പേരിൽ വർഷങ്ങളായി ലാലു പ്രസാദ് മുസ്‌ലിംകളെ കബളിപ്പിക്കുകയാണ്. തനിക്കും കുടുംബക്കാർക്കും അധികാരം ഉറപ്പാക്കാൻ അദ്ദേഹം സമുദായത്തെ ഉപയോഗിക്കുകയാണ്’ -ഉവൈസി ആരോപിച്ചു.
‘ബിഹാറിലെ 40ൽ 23 സീറ്റുകളിലും മത്സരിക്കുന്ന ആർ.ജെ.ഡിക്ക് രണ്ട് മുസ്‍ലിം സ്ഥാനാർഥികൾ മാത്രമാണുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ലാലുവിന്റെ മക്കളുടെ എണ്ണവും അതിന് തുല്യമാണ്. ആ പാർട്ടിയുടെ മുൻഗണന എന്താണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്’ -ഉവൈസി പറഞ്ഞു.
ബീഹാറിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് മുതൽ ആർ.ജെ.ഡി നേതാവും ലാലുവിന്റെ മകനുമായ തേജസ്വി യാദവിന്റെ റാലികളിലും മുസ്‍ലിംകൾക്ക് സ്ഥാനം നൽകി ത്തുടങ്ങിയതായി അദ്ദേഹം പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.