'മോദി കാ ഗ്യാരന്റി'; രാജസ്ഥാനിൽ മുൻ സർക്കാരിൻ്റെ പദ്ധതികൾ പൊളിച്ചെഴുതി ബി.ജെ.പി; വിമർശിച്ച് ഗെഹ്‌ലോട്ട്
text_fieldsജയ്പൂർ: അധികാരത്തിലെത്തിതിന് പിന്നാലെ മുൻ കോൺഗ്രസ് സർക്കാരിന്റെ പദ്ധതികളെ പൊളിച്ചെഴുതി ബി.ജെ.പി. മുൻ കോൺഗ്രസ് സർക്കാർ പദ്ധതിയിൽ നിന്നും 50,000 മഹാത്മാഗാന്ധി സേവാ പ്രേരകരെയാണ് ഒരു മാസം തികയുന്നതിന് മുന്നേ ബി.ജെ.പി പിരിച്ചുവിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സംസ്ഥാന സർക്കാരിന്റെ വിജയകരമായ ക്ഷേമപദ്ധതികൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകുമെന്ന് മോദി മുന്നോട്ട് വെച്ച ഗ്യാരൻ്റികളിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മുൻ സർക്കാരിന്റെ രാജീവ് ഗാന്ധി യുവ മിത്ര ഇന്റേൺഷിപ്പ് പദ്ധതി (ആർ.ജി.വൈ.എം.ഐ.എസ്) നിർത്തലാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അറിയിച്ചിരുന്നു. പുതിയ ബിരുദധാരികൾക്ക് പ്രവർത്തി പരിചയം പ്രദാനം ചെയ്യുന്ന മുൻ അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ മുൻനിര പദ്ധതികളിൽ ഒന്നായിരുന്നു ഇത്. പദ്ധതിക്ക് കീഴിൽ പ്രതിമാസം 10,000 രൂപ വരെ സ്റ്റൈപ്പൻഡ് നേടി 50,000ത്തോളം യുവാക്കൾ എന്റോൾ ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തിയിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയായും കോൺഗ്രസ് സർക്കാരിന്റെ പദ്ധതികൾ റദ്ദാക്കില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ ഇന്ന് പഴയ പെൻഷൻ പദ്ധതിയെ കുറിച്ചും ജനങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ പങ്കുവെച്ച് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രതിമാസം 4500 രൂപ സ്റ്റൈപെന്റ് മഹാത്മാ ഗാന്ധി സേവാ പ്രേരകർക്ക് നൽകാൻ 2023-24 വർഷത്തേക്ക് ഗെഹ്‌ലോട്ട് സർക്കാർ തയ്യാറാക്കിയ ബജറ്റിൽ വ്യക്തമാക്കിയിരുന്നു. മഹാതാമാ ഗാന്ധിയുടെ അഹിംസയും മറ്റ് മൂല്യങ്ങളും പ്രചരിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബറിൽ പദ്ധിതക്കെതിരെ ഹൈകോടതിയിൽ ഹരജി ലഭിച്ചിരുന്നു. പദ്ധതി തികച്ചും രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ളതാണെന്നും ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നുമായിരുന്നു ഹരജിയിലെ പരാമർശം. പദ്ധതിയിലേക്ക് റിക്രൂട്മെന്റ് നടത്താമെന്നും നിയമനകത്ത് നൽകേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
കഴിഞ്ഞ ദിവസം ആർ.ജി.വൈ.എം.ഐ.എസ് പദ്ധതി നിർത്തലാക്കിയതിനെ കുറിച്ചും ഗെഹ്‌ലോട്ട് പരാമർശിച്ചിരുന്നു. കോൺഗ്രസ് സർക്കാരിന്റെ ചിരഞ്ജീവി യോജനയ്ക്ക് കീഴിലുള്ള ചികിത്സകൾ നിരസിക്കപ്പെടുന്നുവെന്ന വാദങ്ങൾ കേൾക്കുന്നുണ്ട്. തുലാസിലായ വോട്ടർമാരുടെ വിശ്വാസം നിലനിർത്താൻ ബി.ജെ.പി തങ്ങളുടെ യഥാർത്ഥ മന്ത്രിസഭയെ പ്രഖ്യാപിക്കുന്നത് വേഗത്തിലാക്കണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.
ഫെബ്രുവരി 21 വരെ സംസ്ഥാനത്ത് 1,840,044 പേർ തൊഴിൽ രഹിതരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 1,440,916 പേർ ബിരുദധാരികളാണെന്നും കുറഞ്ഞത് 101,956 പേർ തുടർ വിദ്യാഭ്യാസം നേടിയവരാണെന്നും ഒക്ടോബറിൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ഗെഹ്‌ലോട്ട് സർക്കാർ വ്യക്തമാക്കിയിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി പുറത്തുവിട്ട കണക്കുകൾ പ്രകാരം 28.5 ശതമാനമാണ് രാജസ്ഥാനിലെ ഈ വർഷത്തെ തൊഴിലില്ലായ്മ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.