Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മോദി കി ഗാരണ്ടി’...

‘മോദി കി ഗാരണ്ടി’ എന്നത് പ്രധാനമന്ത്രിയുടെ 140 കോടി ഇന്ത്യക്കാരോടുള്ള ക്രൂരമായ തമാശ; ബഹുമുഖ ആക്രമണവുമായി കോൺഗ്രസ്

text_fields
bookmark_border
‘മോദി കി ഗാരണ്ടി’ എന്നത് പ്രധാനമന്ത്രിയുടെ   140 കോടി ഇന്ത്യക്കാരോടുള്ള ക്രൂരമായ തമാശ;   ബഹുമുഖ ആക്രമണവുമായി കോൺഗ്രസ്
cancel
camera_alt

ഗുജറാത്തിലെ കച്ചിൽ ദീപാവലി ആഘോഷത്തിനിടെ ബി.എസ്.എഫ് ജവാൻമാർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി.

  പടം: പി.ടി.ഐ


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഉറപ്പുകളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പല തലങ്ങളിൽ കടന്നാക്രമിച്ച് കോൺഗ്രസ്. കോൺഗ്രസിന് ഒരിക്കലും നൽകാൻ കഴിയില്ലെന്ന് നന്നായി അറിയാവുന്ന കാര്യങ്ങളാൽ പാർട്ടി ജനങ്ങൾക്ക് മുന്നിൽ ‘മോശമായി തുറന്നുകാട്ടപ്പെടുന്നു’ എന്ന് മോദിയുടെ പരിഹാസത്തിനു പിന്നാലെയാണ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുടെ കൂട്ടയാക്രമണം. ഖാർഗെയെ കൂടാതെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും മോദിക്കെതിരെ ആഞ്ഞടിച്ചു.

‘മോദി കി ഗാരണ്ടി’ എന്നത് പ്രധാനമന്ത്രിയുടെ 140 കോടി ഇന്ത്യക്കാരോടുള്ള ‘ക്രൂരമായ തമാശ’യാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബി.ജെ.പിയിലെ ‘ബി’ എന്നത് ‘വഞ്ചന’യെയും ‘ജെ’ എന്നത് ‘കപട വാഗ്ദാന’വും ആണെന്നു പറഞ്ഞ ഖാർഗെ ‘നുണ, വഞ്ചന, വ്യാജം, കൊള്ള, കുപ്രചാരണം’ എന്നിവയാണ് നരേന്ദ്ര മോദി ജിയുടെ ഭരണത്തിനു പറ്റിയ അഞ്ചു വിശേഷണങ്ങൾ എന്നും എക്‌സിലെ പോസ്റ്റിൽ തുറന്നടിച്ചു.

7 വർഷത്തിനിടെ 70 പേപ്പർ ചോർച്ചകളുടെ ഉത്തരവാദി ആരാണ്? പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 5 ലക്ഷം സർക്കാർ ജോലികൾ തട്ടിയെടുത്തത് ആരാണ്? എന്തുകൊണ്ടാണ് ഗാർഹിക സമ്പാദ്യം 50 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയത്? തക്കാളി 247 ശതമാനവും ഉരുളക്കിഴങ്ങിന് 180 ശതമാനവും ഉള്ളിക്ക് 60 ശതമാനവും വില വർധിച്ചു. പാല്, തൈര്, ആട്ട, ദാൽ തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് ആരാണ് ജി.എസ്.ടി ചുമത്തിയത്? നികുതി ഭീകരത നടത്തി ഇടത്തരക്കാർക്ക് പിഴ ചുമത്തുന്നത് ആരാണ്? - ഖാർഗെ ചോദിച്ചു. രൂപ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. ഓരോ ഇന്ത്യക്കാര​നും 1.5 ലക്ഷം രൂപയുടെ കടക്കാരനാക്കി കഴിഞ്ഞ 10 വർഷത്തിനിടെ ബി.ജെ.പി സർക്കാർ 150 ലക്ഷം കോടി രൂപ കടമെടുത്തു- ബി.ജെ.പിയുടെ ‘അച്ഛാ ദിൻ’ വാഗ്ദാനത്തെ പരിഹസിച്ച് ഖാർഗെ പറഞ്ഞു.

ഗാൽവാനിന് ശേഷം ചൈനക്ക് ക്ലീൻ ചിറ്റ് നൽകി. ചൈനീസ് നിക്ഷേപങ്ങൾക്ക് ചുവപ്പ് പരവതാനിയൊരുക്കി. എല്ലാ അയൽ രാജ്യങ്ങളുമായുമുള്ള ബന്ധം തകർക്കുന്നു. കാഷ്വൽ/കരാർ നിയമനത്തിൽ 91 ശതമാനം വർധനവ് വരുത്തി എസ്‌.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽ നിന്നുള്ള സർക്കാർ ജോലികൾ മോദി സർക്കാർ തട്ടിയെടുക്കുകയാണ്. എന്തുകൊണ്ടാണ് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്? ഒരുപിടി ജോലികൾ ഒഴിവുള്ളിടത്തെല്ലാം യുവാക്കൾ തിക്കിലും തിരക്കിലും പെട്ടുഴറുന്നു. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വ്യാജവാഗ്ദാനം നൽകി. മിനിമം താങ്ങുവിലക്ക് നിയമപരമായ ഗാരണ്ടി നിരസിച്ചു. 140 കോടി ഇന്ത്യക്കാരുടെ നേർക്കുള്ള ക്രൂരമായ തമാശ!-ഖാർഗെ പോസ്റ്റിൽ പറഞ്ഞു.

കോൺഗ്രസിനെതിരെ വിരൽ ചൂണ്ടുന്നതിന് മുമ്പ്, കർണാടകയിലെ ബി.ജെ.പിയുടെ ‘വിനാശകരമായ പാരമ്പര്യം’ അദ്ദേഹം സൂക്ഷ്മമായി പരിശോധിക്കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ‘ ഇവിടെ നിങ്ങളുടെ ‘നേട്ടം’ എന്തായിരുന്നു? അഴിമതി. ശാക്തീകരണത്തി​ന്‍റെ പേരു പറഞ്ഞ് കർണാടകയെ കടക്കെണിയിലാക്കി. ഇ​പ്പോൾ നിങ്ങളുടെ പരാജയങ്ങൾ മറക്കാൻ കുപ്രചരണങ്ങൾ നടത്തുകയാണെന്നും’ സിദ്ധരാമയ്യ തുറന്നടിച്ചു. കർണാടകയിൽ കോൺഗ്രസ് വിജയിക്കുമ്പോൾ, ബി.ജെ.പി രാജ്യവ്യാപകമായി ഇന്ത്യക്കാരെ പരാജയപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ അതി​ന്‍റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനും സംസ്ഥാനത്തുടനീളമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിജ്ഞാബദ്ധരായി അചഞ്ചലമായി നിലകൊള്ളുന്നതായി സുഖ്‌വീന്ദർ സിങ് സുഖു മോദിക്കെതിരെ ആഞ്ഞടിച്ചു. 2022ലെ വിധാൻസഭാ തിരഞ്ഞെടുപ്പിൽ നൽകിയ 10 ഉറപ്പുകളിൽ അഞ്ചെണ്ണം ഇതിനകം നൽകി. 2027ഓടെ ഹിമാചൽ പ്രദേശിനെ സ്വയം പര്യാപ്തമാക്കുകയും 2032ഓടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാക്കുകയും ഓരോ വ്യക്തിക്കും ശാക്തീകരിക്കപ്പെട്ട, അവസര സമ്പുഷ്ടമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ എല്ലാ ദിവസവും പ്രവർത്തിക്കുന്നു -അദ്ദേഹം എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ഛത്തീസ്ഗഡിലെ ചില ബി.ജെ.പി നേതാക്കൾ നിങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് എനിക്ക് ഉറപ്പുണ്ട്. ഛത്തീസ്ഗഢിലെ ജനങ്ങൾ ഇപ്പോഴും കോൺഗ്രസ് സർക്കാറിനെ ഓർക്കുന്നു. പ്രധാനമന്ത്രി നിസ്സാര രാഷ്ട്രീയത്തിൽ ഏർപ്പെടരുത്. ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ വൃത്തികെട്ട പഴിചാരിക്കളി കളിക്കരുത്’- ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ബാഗേൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM ModiModi Ki Guarantee
News Summary - Modi Ki Guarantee' Prime Minister's Cruel joke on 140 crore Indians -Congress
Next Story