തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വാഗ്ദാനവുമായി മോദി; സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന്
text_fieldsന്യൂഡൽഹി: പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗിലും രത്‌ലമിലും നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ മാസം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന വേളയിലാണ് സൗജന്യ റേഷൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടുമെന്ന പ്രഖ്യാപനം നടത്തിയത്.
രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി ബി.ജെ.പി സർക്കാർ വ്യാപിപ്പിക്കും. രാജ്യത്തെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും അത്തരം തീരുമാനങ്ങളെടുക്കാൻ സർക്കാരിന് ശക്തി നൽകുന്നതായി ദുർഗിൽ നടത്തിയ റാലിയിൽ മോദിപറഞ്ഞു. കൂടാതെ രത്‌ലാമിൽ നടത്തിയ റാലിക്കിടയിലും സൗജന്യ റേഷൻ പദ്ധതി വിപുലീകരിക്കുന്നതിൽ സർക്കാർ പിന്നോട്ടില്ലെന്ന് മോദി പ്രഖ്യാപിച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു വർഷത്തേക്ക് 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രം കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢ് വികസനത്തിൽ ബി.ജെ.പി സർക്കാരിന്‍റെ പങ്കിനെ പരാമർശിച്ച പ്രധാനമന്ത്രി കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. കോൺഗ്രസ് ഒരിക്കലും പാവപ്പെട്ടവർക്ക് വഞ്ചന അല്ലാതെ ഒന്നും നൽകിയിട്ടില്ലെന്നും പാവങ്ങളുടെ വേദനയും കഷ്ടപ്പാടും അവർ ഒരിക്കലും മനസ്സിലാക്കുന്നവരല്ലെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.