മോദിയുടെ യോഗത്തിൽ നിലപാട് ആവർത്തിക്കാൻ ഗുപ്കർ സഖ്യം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീർ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ മുൻമുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല നയിക്കുന്ന ഗുപ്കർ സഖ്യം തീരുമാനിച്ചു. പി.ഡി.പി നേതാവും മുൻമുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് യൂസുഫ് തരിഗാമി എന്നിവരും പങ്കെടുക്കും. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മുമ്പാകെ തങ്ങളുടെ നയനിലപാട് അവതരിപ്പിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല വിശദീകരിച്ചു. പ്രത്യേക പദവിയും സംസ്ഥാന പദവിയും ജമ്മു-കശ്മീരിന് തിരിച്ചു നൽകണമെന്ന ആവശ്യം മുന്നോട്ടുവെക്കും.
സംസ്ഥാന പദവി പ്രധാനമന്ത്രി തന്നെ നേരത്തെ നൽകിയ വാഗ്ദാനമാണെന്നും അത് തിരിച്ചു തരുന്നത് ഔദാര്യമല്ലെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 370ാം അനുഛേദ പ്രകാരമുള്ള പ്രത്യേക പദവി, 35 എ പ്രകാരം സ്ഥിരതാമസക്കാരെ നിർവചിക്കാൻ നിയമസഭക്കുള്ള അധികാരം എന്നിവയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സഖ്യത്തിൽ പങ്കാളിയായ മുസഫർ ഷാ പറഞ്ഞു. ജമ്മു-കശ്മീരിന് പൂർണ സംസ്ഥാനപദവി പുനഃസ്ഥാപിക്കുകയെന്ന നിലപാടാണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്ന് മുതിർന്ന നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ലഫ്. ഗവർണർ ഭരിക്കുന്ന സംസ്ഥാനപദവിയല്ല. അതേസമയം, പ്രത്യേക പദവി പുനഃസ്ഥാപിക്കുക എന്ന ആവശ്യം യോഗത്തിൽ വെക്കുന്ന കാര്യത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയില്ല. ഇക്കാര്യത്തിൽ പാർട്ടി കൂടിയാലോചന നടത്തി വരുകയാണെന്നായിരുന്നു ഗുലാംനബിയുടെ പ്രതികരണം. അതിനു ശേഷം പാർട്ടി നേതൃത്വത്തിെൻറ മാർഗനിർദേശം തേടും. ജമ്മു-കശ്മീരിലെ ഏഴു പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മയാണ് ഗുപ്കർ സഖ്യം.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി പുനഃസ്ഥാപിക്കുകയെന്ന ദൗത്യവുമായാണ് സഖ്യം രൂപവത്കരിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യത്തിന് നൂറിലേറെ സീറ്റ് കിട്ടിയിരുന്നു. ബി.ജെ.പി 74 സീറ്റു പിടിച്ചു. ജമ്മു-കശ്മീരിന് ഡൽഹി മോഡലിൽ പരിമിത സംസ്ഥാന പദവി നൽകി നിയമസഭ തെരഞ്ഞെടുപ്പു നടത്താനും അതിനു മുമ്പ് മണ്ഡലാതിർത്തി പുനർനിർണയം നടത്താനുമുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗത്തിൽ ജമ്മു-കശ്മീരിെൻറ തനിമ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് പങ്കെടുക്കുന്ന രാഷ്ട്രീയ പാർട്ടികൾ നടത്തുകയെന്നിരിക്കേ, സർക്കാറിന് സമവായമുണ്ടാക്കി മുന്നോട്ടു പോകാൻ എത്രകണ്ട് കഴിയുമെന്ന ചോദ്യം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.