അതിർത്തി ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുവദിക്കില്ല –ശർമ ഒാലി
text_fieldsകാഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടുദിവസത്തെ നേപ്പാൾ സന്ദർശനം സമാപിച്ചു. നേപ്പാൾ അതിർത്തി ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒാലി മോദിക്ക് ഉറപ്പുനൽകി. സാമൂഹിക വിരുദ്ധർക്ക് അതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോദിയും വ്യക്തമാക്കി. ഇന്ത്യയുടെ താൽപര്യങ്ങളോട് തികച്ചും അനുഭാവ സമീപനമാണ് േനപ്പാൾ തുടരുന്നതെന്ന് ഒാലി വ്യക്തമാക്കി.
ഇന്ത്യയുമായി 1850 കി.മീറ്റർ അതിർത്തിയാണ് നേപ്പാൾ പങ്കിടുന്നത്. സിക്കിം, പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് നേപ്പാൾ അതിർത്തിയുണ്ട്. വിസയില്ലാതെ ജനങ്ങൾ അതിർത്തികടന്ന് സഞ്ചരിക്കുന്നു. കുടുംബബന്ധങ്ങളും സംസ്കാരവും അവർ പങ്കിടുന്നു. ഉഭയകക്ഷി ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കുന്നതാണ് തുറന്നിട്ട അതിർത്തിയെന്ന് കഴിഞ്ഞദിവസം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ മോദിയും ഒാലിയും വ്യക്തമാക്കിയിരുന്നു. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ പ്രതിരോധ, സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇരു രാജ്യങ്ങളും ധാരണയായി.
നേപ്പാളുമായി നടത്തിയ ചർച്ചയിൽ ഇന്ത്യക്ക് പൂർണസംതൃപ്തിയാണുള്ളതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വർത്താലേഖകരോട് പറഞ്ഞു. പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി, വൈ. പ്രസിഡൻറ് നന്ദ ബഹാദൂർ പുൻ, മുൻ പ്രധാനമന്ത്രിമാരായ പ്രചണ്ഡ, ഷേർ ബഹാദൂർ ദുബ എന്നിവരുമായും മറ്റു രാഷ്ട്രീയ നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. നേപ്പാൾ-ചൈന അതിർത്തിയിലെ പ്രസിദ്ധമായ മുക്തിനാഥ് േക്ഷത്രത്തിലും ബഗ്മതി നദിക്കരയിലെ പശുപതി ക്ഷേത്രത്തിലും മോദി ദർശനം നടത്തി. ജാനകി ക്ഷേത്രത്തിലെ പ്രത്യേക ചടങ്ങുകളിലും അദ്ദേഹം സംബന്ധിച്ചു.
നേപ്പാൾ പൗരാവലി നൽകിയ സ്വീകരണയോഗത്തിൽ മോദി പ്രഭാഷണം നടത്തി. തോക്കിൻ കുഴലിലൂടെ അധികാരം എന്നതിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള നേപ്പാളിെൻറ പ്രയാണത്തെ മോദി പ്രകീർത്തിച്ചു. ബുള്ളറ്റിൽനിന്ന് ബാലറ്റിലേക്കുള്ള മാറ്റം പ്രശംസനീയമാണ്. ഇനിയും മുന്നോട്ടുപോകാൻ കഴിയണം -അദ്ദേഹം പറഞ്ഞു. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് മോദി മടങ്ങിയത്. നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി യാത്രയാക്കാനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം, മുൻകൂട്ടി തീരുമാനിച്ചതാണെന്നും കർണാടക തെരെഞ്ഞടുപ്പ് ഇൗ സമയത്ത് വന്നത് തികച്ചും യാദൃച്ഛികമാണെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. നേപ്പാളിൽ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒാലി തെരഞ്ഞെടുക്കപ്പെട്ട ഉടനെ തീരുമാനിച്ചതാണ് ഒൗദ്യോഗിക സന്ദർശനം. ഏപ്രിലിൽ ഒാലി ഇന്ത്യ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.