സിൽവർ ലൈനിൽ ഇന്ന് മോദി-പിണറായി കൂടിക്കാഴ്ച : അനുമതിക്ക് സമ്മർദം
text_fieldsന്യൂഡൽഹി: ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, സിൽവർ ലൈൻ അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തിൽ സമ്മർദം മുറുക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അതിനു മുന്നോടിയായി കെ-റെയിൽ മാനേജിങ് ഡയറക്ടർ അജിത് കുമാർ ബുധനാഴ്ച റെയിൽവേ ബോർഡ് അധികൃതരുമായി ചർച്ച നടത്തി.
വ്യാഴാഴ്ച രാവിലെ 11നാണ് പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, റെയിൽവേ ഉന്നയിച്ച നിരവധി വിഷയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകാനുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് അപൂർണമാണെന്നും എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് രേഖാമൂലമുള്ള വിശദീകരണങ്ങൾ കൂടിക്കാഴ്ചകൾക്കൊപ്പം നൽകാനാണ് ഒരുക്കം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിൽ സുപ്രധാനമായ സിൽവർ ലൈൻ നടപ്പാക്കാൻ വിദേശ വായ്പാനുമതി നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെടും.
സിൽവർ ലൈനിനെതിരായ എം.പിമാരുടെ ഏറ്റുമുട്ടൽ പാർലമെന്റിൽ ബുധനാഴ്ചയും ആവർത്തിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര. പ്രധാനമന്ത്രിയുമായി പിണറായി വിജയൻ നടത്തുന്ന കൂടിക്കാഴ്ചക്ക് മുമ്പേ, പദ്ധതിയോടുള്ള ബി.ജെ.പിയുടെ എതിർപ്പ് പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ വ്യക്തമാക്കി. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ തമ്മിലുള്ള വാഗ്വാദങ്ങൾക്കൊപ്പമായിരുന്നു ഇത്.
തത്വത്തിൽ അനുമതി നൽകിയതുകൊണ്ട് ഭൂമി ഏറ്റെടുക്കാറായി എന്നർഥമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ ഭൂമി വിട്ടുകൊടുത്തിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. റെയിൽവേ ഭൂമിയിൽ തൊടാതിരിക്കേ തന്നെ, സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിലെ പൊരുത്തക്കേടും അന്യായവും തുറന്നു കാട്ടുന്നതായിരുന്നു മന്ത്രിയുടെ വിശദീകരണം.
അനുമതി സാധ്യത കൂടുതൽ മങ്ങി
ന്യൂഡൽഹി: സിൽവർ ലൈനിനോടുള്ള എതിർപ്പ് ബി.ജെ.പി പാർലമെന്റിൽ പരസ്യമാക്കിയതോടെ, പദ്ധതിയുടെ അനുമതി കൂടുതൽ സംശയ നിഴലിലായി. ജനങ്ങളെ ദ്രോഹിക്കുന്ന വിധത്തിലാണ് പിണറായി സർക്കാർ പദ്ധതി മുന്നോട്ടു നീക്കുന്നതെന്ന് പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞത് കേന്ദ്രസർക്കാർ നിലപാടിനപ്പുറം, ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിന്റെ ദേശീയ പ്രഖ്യാപനം കൂടിയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ച ശേഷമാണ് മുരളീധരൻ പദ്ധതിയെ എതിർത്ത് സംസാരിച്ചത്. ബി.ജെ.പിയുടെ ഈ സമീപനം മറികടക്കാൻ മോദിയെ കാണുന്ന മുഖ്യമന്ത്രിക്ക് കഴിയുമോ എന്നാണ് കണ്ടറിയേണ്ടത്.
പദ്ധതിക്ക് അന്തിമാനുമതി നൽകുമെന്നോ ഇല്ലെന്നോ റെയിൽവേ മന്ത്രാലയം ഇതുവരെ പറഞ്ഞിട്ടില്ല. കെ-റെയിൽ നൽകിയ ഡി.പി.ആറിലെ വിവിധ പിഴവുകൾ ചൂണ്ടിക്കാട്ടുകയും വിശദീകരണം തേടുകയുമാണ് ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.