സർജിക്കൽ സ്ട്രൈക്ക്: ഇന്ത്യൻ സൈന്യത്തെ ഇസ്രായേലിനോട് താരതമ്യം ചെയ്ത് മോദി
text_fieldsമാണ്ഡി (ഹിമാചൽപ്രദേശ്): പാക് മണ്ണിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പങ്കെടുത്ത സൈനികരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും സൈന്യത്തിൻെറ ഈ ദിവസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മുമ്പ് ഇസ്രയേൽ ചെയ്തതായി നാം കേട്ടിരുന്നു. നമ്മുടെ സൈന്യത്തിന് വളരെയധികം ചെയ്യാൻ കഴിയുമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം- ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കവേ മോദി വ്യക്തമാക്കി.
എല്ലാ കുടുംബങ്ങളിലും ഒരു സൈനികനുള്ള ഹിമാചൽ പ്രദേശിനെ പ്രധാനമന്ത്രി 'വീരഭൂമി'യെന്ന് വിശേഷിപ്പിച്ചു. 40 വർഷത്തോളമായി നടപ്പാക്കാതിരുന്ന വിമുക്തഭടന്മാരുടെ പെൻഷൻ പ്രശ്നം പരിഹരിച്ചത് ബി.ജെ.പി സർക്കാറാണെന്നും മോദി വ്യക്തമാക്കി. സൈനികരുടെ മാത്രമല്ല, അവരുടെ കുടുംബങ്ങളുടേയും അനുഗ്രഹം തനിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ ഹിമാചലിലെ കോൺഗ്രസ് സർക്കാറിനെതിരെയും മോദി രംഗത്തെത്തി. അടുത്ത വർഷം ഹിമാചലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.സംസ്ഥാനത്ത് മൂന്നു ജലവൈദ്യുത പദ്ധതികൾ മോദി ഇന്ന് ഉദ്ഘാടനം ചെയ്തു.
സർജിക്കൽ സ്ട്രൈക്കിനെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് നേരത്തേ കോൺഗ്രസും എ.എ.പിയും കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.