മുത്തലാഖ് നിരോധനത്തിലൂടെ മുസ്‍ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചെന്ന് മോദി
text_fieldsന്യൂഡൽഹി: മുസ്‍ലിം വിദ്വേഷ പ്രസംഗം വിവാദമായതിനു പിന്നാലെ മുത്തലാഖ് നിരോധനവും ഹജ്ജ് ക്വാട്ടയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് നിരോധനത്തിലൂടെ താൻ മുസ്‍ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചുവെന്നാണ് മോദി പറഞ്ഞത്. മുസ്‍ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. അലിഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‍ലിം ക്ഷേമ പദ്ധതികൾ മോദി എൻ.ഡി.എ സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടിയത്.
നേരത്തേ മുസ്‍ലിം അമ്മമാര്‍ക്കും സഹോദരികള്‍ക്കും തനിച്ച് ഹജ്ജിന് പോകാന്‍ സാധിക്കില്ലായിരുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ മെഹ്‌റം കൂടെയില്ലാതെ ഹജ്ജിന് പോകാന്‍ അനുവാദം നല്‍കി. ഹജ്ജിന് പോകുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട സഹോദരിമാരുടെ അനുഗ്രഹം എനിക്ക് ലഭിച്ചു.- മോദി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ വിവാദ പ്രസംഗം.
''രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി പ്രചാരണത്തിനിടെ പറഞ്ഞു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.
മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് രാജ്യസഭ എം.പി കപിൽ സിബൽ അടക്കമുള്ളവർ രംഗത്തുവന്നു. വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ മോദിയുടെ വിവാദപ്രസംഗത്തിൽ കുറിച്ച് പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.