‘ഗഡ്കരിയെ തോൽപിക്കാൻ മോദിയും ഷായും ഫഡ്നാവിസും ശ്രമിച്ചു’
text_fieldsമുംബൈ/നാഗ്പൂർ: മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയെ തോൽപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പ്രവർത്തിച്ചുവെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ആരോപണം. നാഗ്പൂരിൽ മത്സരിച്ച ഗഡ്കരിയെ പരാജയപ്പെടുത്താനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഫഡ്‌നാവിസ് ഇഷ്ടമില്ലാതെ പ്രചാരണം നടത്തുകയായിരുന്നെന്ന് റാവത്ത് ആരോപിച്ചു.
ഗഡ്കരിയെ തോൽപിക്കാൻ ഫഡ്‌നാവിസ് പ്രതിപക്ഷത്തെ സഹായിച്ചെന്ന് നാഗ്പൂരിലെ ആർ.എസ്.എസുകാർ തുറന്ന് പറയുന്നുണ്ടെന്ന് പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനത്തിൽ സഞ്ജയ് റാവത്ത് ആരോപിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എല്ലാ മണ്ഡലങ്ങളിലും 25-30 കോടി രൂപ വിതരണം ചെയ്തെന്നും അജിത് പവാർ പക്ഷ എൻ.സി.പിയുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ഷിൻഡെയുടെ സംഘം പ്രവർത്തിച്ചെന്നും റാവത്ത് ആരോപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോദി-ഷാ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബി.ജെ.പി ഒരു പാർട്ടിയല്ല, കുടുംബമാണെന്നും വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുന്നവർക്ക് കുടുംബബന്ധം മനസ്സിലാകില്ലെന്നും റാവത്തിന് മറുപടിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. റാവത്തിന്റെ ലേഖനത്തെ ഗഡ്കരിയുടെ എതിർ സ്ഥാനാർഥിയായ കോൺഗ്രസിന്റെ വികാസ് താക്കറെയും വിമർശിച്ചു. ഗഡ്കരിക്ക് അനുകൂലമായി തുറന്നെഴുതുന്നതിലൂടെ ശിവസേന നേതാവ് മഹാ വികാസ് അഗാഡിക്ക് നഷ്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്കരി തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് റാവത്തിന് എങ്ങനെ അറിയാം? അദ്ദേഹം ഒരു ജ്യോതിഷിയാണോ? മഹാ വികാസ് അഘാഡിയുടെ (എം.വി.എ) ഭാഗമാകുമ്പോൾ ഗഡ്കരിയോടുള്ള സ്‌നേഹം വീട്ടിൽ സൂക്ഷിക്കണമെന്നും സഖ്യകക്ഷി നേതാവിനെ വികാസ് താക്കറെ ഓർമിപ്പിച്ചു. ലേഖനം എഴുതുന്നതിന് മുമ്പ് നാഗ്പൂരിലെ സാഹചര്യം അദ്ദേഹം മനസ്സിലാക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.