മോദിയെ '28 പൈസ പ്രധാനമന്ത്രി' എന്ന് വിളിക്കണം -ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന വിവേചനത്തെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ നേതാവും തമിഴ്നാട് യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഒരു രൂപയ്ക്ക് 28 പൈസ മാത്രമാണ് കേന്ദ്രം സംസ്ഥാനത്തിന് തിരികെ നൽകുന്നതെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകുന്നുണ്ടെന്നും ഉദയനിധി ആരോപിച്ചു. ഇനി പ്രധാനമന്ത്രിയെ '28 പൈസ പ്രധാനമന്ത്രി' എന്ന് വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാമനാഥപുരത്തും തേനിയിലുമായി നടന്ന റാലികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉദയനിധി.
കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച ഉദയനിധി സ്റ്റാലിൻ, തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നതെന്നും ആരോപിച്ചു. വേണ്ടത്ര ഫണ്ട് അനുവദിക്കാതിരിക്കുകയാണ്. വികസന പദ്ധതികൾ, സംസ്ഥാനത്തെ നീറ്റ് നിരോധനം തുടങ്ങിയവയിൽ തമിഴ്‌നാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിൽ മാത്രമാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് പ്രധാനമന്ത്രി തമിഴ്നാട് സന്ദർശിക്കുകയോ ഫണ്ട് അനുവദിക്കുകയോ ചെയ്യാത്തതിനെ ഉദയനിധി സ്റ്റാലിൻ മുമ്പ് വിമർശിച്ചിരുന്നു. 39 ലോക്സഭാ സീറ്റുള്ള തമിഴ്നാട്ടിൽ ഏപ്രിൽ 19ന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.