‘പ്രധാനമന്ത്രിക്കസേരയിൽനിന്ന് മോദിയെ നീക്കണം’; ആഹ്വാനവുമായി എം.കെ. സ്റ്റാലിൻ
text_fieldsചെന്നൈ: നരേന്ദ്രമോദിയെ പ്രധാനമന്ത്രിയുടെ കസേരയിൽനിന്ന് നീക്കണമെന്ന് ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കരുത്. അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും മാറ്റണം. മോദി ഒരിക്കൽകൂടി പ്രധാനമന്ത്രി ആയാൽ അത് രാജ്യത്തിന് താങ്ങാൻ കഴിയില്ല. ഇന്ത്യയെ ഒരു സ്വേച്ഛാധിപത്യ രാജ്യമാക്കി മാറ്റാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രി ഇതുവരെ ഒരു രൂപപോലും തമിഴ്നാടിനായി നൽകിയിട്ടില്ലെന്നും മറ്റ് മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
രാജ്യം ഭരിക്കാൻ ബി.ജെ.പിക്ക് ഒരു അവസരം കൂടി ലഭിച്ചാൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളും അതിർത്തികളും എടുത്ത് കളഞ്ഞ് കേന്ദ്രഭരണം കൊണ്ടുവരുമെന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ബി.ജെ.പി ഇനി അധികാരത്തിൽ എത്തരുതെന്നും അദ്ദേഹം പറഞ്ഞു .
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെ തീരുമാനം ബി.ജെ.പിയുടെ തിരക്കഥയാണെന്നും ആവശ്യമെങ്കിൽ എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകളിലേക്ക് ഒന്നാംഘട്ടമായ ഏപ്രിൽ 19 നാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.