ജാതിയുടെ പേരിൽ വോട്ടുതേടി മോദി; ഒരുമിച്ചുനിന്ന് സുരക്ഷിതരായിരിക്കണമെന്ന് ആഹ്വാനം
text_fieldsബൊക്കാറോ: ഉപജാതികളെ തമ്മിലടിപ്പിച്ച് മറ്റ് പിന്നാക്ക വിഭാഗക്കാർക്കിടയിൽ (ഒ.ബി.സി) ഭിന്നിപ്പുണ്ടാക്കാനാണ് കോൺഗ്രസ്-ജെ.എം.എം സഖ്യം ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ പേരിൽ വോട്ട് ചോദിച്ച മോദി, ‘ഏക് രഹോഗെ തോ സേഫ് രഹോഗെ’ (ഒരുമിച്ചുനിന്ന് സുരക്ഷിതരായിരിക്കുക) എന്നും ഞായറാഴ്ച ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ആഹ്വാനം ചെയ്തു.
ഒ.ബി.സികളും ആദിവാസികളും ദലിതരും തമ്മിൽ ഐക്യമില്ലാത്ത കാലത്താണ് കോൺഗ്രസ് കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ്-ജെ.എം.എം സഖ്യത്തിന്റെ ദുഷ്പ്രവണതകളും ഗൂഢാലോചനകളും സൂക്ഷിക്കണമെന്നും അധികാരം തട്ടിയെടുക്കാൻ അവർ ഏതറ്റംവരെയും പോകുമെന്നും മോദി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യലബ്ധി മുതൽ കോൺഗ്രസ് ഒ.ബി.സി-ആദിവാസി- ദലിത് ഐക്യത്തിന് എതിരായിരുന്നെന്ന് മോദി ആരോപിച്ചു.
ജമ്മു-കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസിനെയും സഖ്യകക്ഷികളെയും പ്രധാനമന്ത്രി ശക്തമായി വിമർശിച്ചു. 370 പുനഃസ്ഥാപിച്ചാൽ നമ്മുടെ സൈനികർ വീണ്ടും തീവ്രവാദത്തിന്റെ തീയേൽക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ പേരിൽ ആദ്യമായാണ് ജമ്മു-കശ്മീർ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അംബേദ്കറിനുള്ള അദ്ദേഹത്തിന്റെ ആദരമാണിതെന്നും മോദി പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാരെ തുരത്താനും അഴിമതി തുടച്ചുനീക്കാനും ഝാർഖണ്ഡിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.