മോദിയുടേത് കീഴടങ്ങൽ; ചൈനീസ് നയത്തിൽ നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്
text_fieldsന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് നയത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ നിലപാട് ‘അളന്നുമുറിച്ച കീഴടങ്ങൽ’ ആണെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു
2020ലെ ഗാൽവൻ സംഘർഷത്തിന് ശേഷം ബെയ്ജിങിന് നൽകിയ കുപ്രസിദ്ധമായ ക്ലീൻ ചിറ്റ് ഇന്ത്യയുടെ നിലയെ ദുർബലപ്പെടുത്തിയോ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നത് സ്വാഭാവികമാണെങ്കിലും, പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള സമീപനം ചൈനക്ക് മുന്നിലുള്ള അടിയറവ് പറച്ചിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
2020 ജൂണിൽ ഗാൽവനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന് ശേഷം ചൈനക്ക് നൽകിയ ക്ലീൻ ചിറ്റ് ഇന്ത്യയുടെ വിലപേശൽ ശേഷിയെ ബാധിച്ചോ? ‘ആരും ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറിയിട്ടില്ല’ എന്ന പ്രസ്താവന ഇതുവരെ തിരുത്താത്തത് എന്തുകൊണ്ടാണെന്ന് ജയറാം രമേശ് ചോദിച്ചു.
ലഡാക്കിലും അരുണാചൽ പ്രദേശിലും ചൈന നടത്തുന്ന ഭൂപ്രദേശ കടന്നുകയറ്റങ്ങൾക്കും നിർമാണങ്ങൾക്കും പ്രധാനമന്ത്രി മൗനാനുവാദം നൽകിയതെന്തുകൊണ്ട്?. കിഴക്കൻ ലഡാക്കിലെ പരമ്പരാഗത പട്രോളിങും മേയാനുള്ള അവകാശവും ഇന്ത്യ അടിയറവ് വെച്ചതായും, അരുണാചൽ പ്രദേശിൽ ഗ്രാമങ്ങളുടെ പേരുമാറ്റലും പുതിയ കടന്നുകയറ്റങ്ങളും ഉണ്ടാകുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബ്രഹ്മപുത്ര നദിയിൽ ചൈന നിർമിക്കുന്ന 60,000 മെഗാവാട്ടിന്റെ മെഡോങ് മെഗാ അണക്കെട്ട് വടക്കുകിഴക്കൻ ഇന്ത്യയുടെ ജലസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
2025-26 കാലയളവിൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് തുകയായ 112.6 ബില്യൺ ഡോളറായി ഉയർന്നത് രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായങ്ങളെയും ഉൽപാദന മേഖലയെയും തകർത്തുവെന്ന് ജയറാം രമേശ് പറഞ്ഞു. നിർണായക ഘടകങ്ങൾക്കും അസ്തിവാര സാമഗ്രികൾക്കുമായി ചൈനയെ ആശ്രയിക്കുന്നത് അപകടകരമായ അവസ്ഥയിലാണെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സമാധാനം വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് വ്യക്തമാക്കി തൊട്ടടുത്ത ദിവസമാണ് കോൺഗ്രസ് ഈ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

