വാക്കുകൾ വീണ്ടും വിഴുങ്ങി മോദി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തിയും സ്വന്തം വാക്കുകൾ വിഴുങ്ങിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസ് ബംഗാളിൽ നടപ്പാക്കുന്നത് ‘വോട്ട് ജിഹാദ്’ ആണെന്നാണ് വ്യാഴാഴ്ച ഉത്തർപ്രദേശിലെ ഭദോഹിയിൽ മോദിയുടെ ഒടുവിലത്തെ ആരോപണം. താൻ ഒരിക്കലും ഹിന്ദു- മുസ്ലിം വേർതിരിവ് കാണിച്ചിട്ടില്ലെന്ന് ടെലിവിഷൻ അഭിമുഖത്തിൽ വിശദീകരിച്ചതിനു പിന്നാലെ ബുധനാഴ്ച മഹാരാഷ്ട്രയിൽ നടത്തിയ പ്രസംഗത്തിൽ മോദി വിദ്വേഷ പ്രസംഗം ആവർത്തിച്ചിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ്ലിംകൾക്കായി നീക്കിവെച്ചുവെന്നും ഹിന്ദു ബജറ്റും മുസ്ലിം ബജറ്റും തയാറാക്കിയെന്നുമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ചത്.
വ്യാഴാഴ്ച യു.പിയിലെ ഭദോഹിയിൽ പറഞ്ഞത്:
തൃണമൂൽ കോൺഗ്രസ് ബംഗാളിൽ നടപ്പാക്കുന്നത് ‘വോട്ട് ജിഹാദ്’ ആണ്. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി നടപ്പാക്കാൻ ശ്രമിക്കുന്നതും അതുതന്നെ. യു.പിയിൽ പ്രതിപക്ഷം ഇല്ലാതായി. സമാജ്വാദി പാർട്ടി തുടച്ചുനീക്കപ്പെട്ടു. രാമക്ഷേത്രം അശുദ്ധമാണെന്ന് പ്രചരിപ്പിച്ചും രാംനവമി ആഘോഷം നിരോധിച്ചും ബംഗ്ലാദേശി കടന്നുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചും ഭദോഹിയിൽ തൃണമൂൽ മോഡൽ പരീക്ഷണം നടത്തുകയാണ്. ഹിന്ദുക്കളെ കൊന്നൊടുക്കിയും ദലിതുകളെയും ഗോത്രവർഗക്കാരെയും അടിച്ചമർത്തിയും അവർ വോട്ട് ജിഹാദ് നടത്തുകയാണ്. ബി.ജെ.പി പ്രവർത്തകരെ ഗംഗയിൽ മുക്കുമെന്നാണ് തൃണമൂൽ എം.എൽ.എ പറയുന്നത്. സമാജ്വാദി പാർട്ടി യു.പിയിൽ നീങ്ങുന്നതും അതേ സ്വഭാവത്തിലാണ്.
ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്:
മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്ന് വിളിച്ചുള്ള പ്രസ്താവനകൾ താൻ നടത്തിയിട്ടില്ല. ഹിന്ദു-മുസ്ലിം വേർതിരിവ് കാണിക്കുന്ന ദിവസം തന്റെ പൊതുജീവിതം അവസാനിക്കും. മുസ്ലിം എന്നോ ഹിന്ദുവെന്നോ ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ദിവസം പൊതുജീവിതത്തിൽ തുടരാൻ അയോഗ്യനാകും. എല്ലാവരേയും തുല്യരായാണ് കാണുന്നത്. തന്റെ വീടിനു ചുറ്റും മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നു. എന്റെ വീട്ടിലും ഈദ് ആഘോഷിച്ചിരുന്നു. മറ്റ് ആഘോഷങ്ങളും വീട്ടിലുണ്ടായിരുന്നു. ഈദ് ദിവസം എന്റെ വീട്ടിൽ ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നില്ല. മുസ്ലിം വീടുകളിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. അങ്ങനെയൊരു ലോകത്താണ് ഞാൻ വളർന്നത്. ഇന്നുപോലും എന്റെ നിരവധി സുഹൃത്തുക്കൾ മുസ്ലിംകളാണ്
പിറ്റേന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ പറഞ്ഞത്:
കോൺഗ്രസ് ബജറ്റിന്റെ 15 ശതമാനവും മുസ്ലിംകൾക്കാണ് നൽകുന്നത്. അധികാരത്തിലെത്തിയാൽ മറ്റു വിഭാഗക്കാർക്ക് അവകാശപ്പെട്ട ഫണ്ട് മുസ്ലിംകൾക്ക് നൽകുന്നത് തുടരും. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റുകൾ തയാറാക്കുന്നത്, വിഹിതം വിതരണം ചെയ്യുന്നതും അങ്ങനെതന്നെ. അത് അവരുടെ വിഭജന ചിന്താഗതിയാണ്. 15 ശതമാനം ന്യൂനപക്ഷങ്ങൾക്കാണ് അവർ നൽകുന്നത്. കോൺഗ്രസിന് ഒരു ന്യൂനപക്ഷമേയുള്ളൂ, അത് അവരുടെ പ്രിയപ്പെട്ട വോട്ടുബാങ്കാണ്. ഈ ആശയത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ ശക്തമായി എതിർത്തിരുന്നു. തുടർന്ന് അവർക്ക് അത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ അവർ പഴയ അജണ്ടകളെല്ലാം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരുടെ സംവരണത്തിൽനിന്ന് മുസ്ലിംകൾക്ക് നൽകാൻ അനുവദിക്കില്ല.
ആരോപണം തള്ളി ചിദംബരവും ശരദ് പവാറും
ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് ബജറ്റിന്റെ 15 ശതമാനം മുസ്ലിംകൾക്കായി നീക്കിവെച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തള്ളി മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറും. വിചിത്രവും യാഥാർഥ്യത്തിന് നിരക്കാത്തതുമായ ആരോപണമെന്ന് വിശേഷിപ്പിച്ച ചിദംബരം ഹിന്ദു-മുസ്ലിം വേർതിരിവ് സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള മോദിയുടെ തന്ത്രമാണിതെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസംഗമെഴുത്തുകാർക്ക് സമനില തെറ്റിയെന്നാണ് തോന്നുന്നത്. കോൺഗ്രസ് ഭരണകാലത്ത് മുസ്ലിം ബജറ്റും ഹിന്ദു ബജറ്റും തയാറാക്കിയിരുന്നുവെന്നുള്ള അദ്ദേഹത്തിന്റെ ആരോപണം ഭാവനാസൃഷ്ടി മാത്രമാണ്. ഹിന്ദു- മുസ്ലിം വേർതിരിവുണ്ടാക്കാൻ താൻ ശ്രമിച്ചുവെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം കഴിഞ്ഞയാഴ്ച പറഞ്ഞത്. എന്നാൽ, തൊട്ടടുത്ത ദിവസം വർഗീയ പ്രസ്താവനയുമായി രംഗത്തുവന്നു. ആഗോള സമൂഹം അദ്ദേഹത്തിന്റെ പ്രസ്താവനകളെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം ഓർമവേണം -ചിദംബരം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരിൽ ബജറ്റിൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്നും മോദിയുടെ ആരോപണം തികഞ്ഞ മണ്ടത്തമാണെന്നും ശരദ് പവാർ പറഞ്ഞു. മോദി അടുത്തിടെ നടത്തിയ പ്രസ്താവനകളിൽ ഒരു ശതമാനം പോലും സത്യമില്ല. അദ്ദേഹത്തിന് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു.
മുംബൈ പോലൊരു മഹാനഗരത്തിൽ റോഡ്ഷോകൾ നടത്തുന്നത് ഉചിതമല്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പവാർ പറഞ്ഞു. പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമിട്ട് ഗുജറാത്തി ഭൂരിപക്ഷ പ്രദേശത്തായിരുന്നു മോദിയുടെ റോഡ് ഷോ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിലും ആരു ജയിക്കുമെന്നോ എത്ര സീറ്റ് ലഭിക്കുമെന്നോ പ്രവചിക്കുന്നില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.