മണിപ്പൂരിനെ കുറിച്ച് ചോദിക്കുമ്പോൾ മോദി ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ച് പറയുന്നു -മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: നിരവധി പേരെ കൊല്ലുകയും വീടുകളും സ്ഥാപനങ്ങളും കത്തിക്കുകയും ചെയ്ത മണിപ്പൂരിലെ വംശീയ കലാപത്തെ കുറിച്ച് ചോദിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈസ്റ്റ് ഇന്ത്യ കമ്പനിയെ കുറിച്ചാണ് പറയുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ നാലുദിവസമായി പാർലമെന്റിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ, മോദി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. മണിപ്പൂരിനെ ചൊല്ലി ഇന്നും സഭ പ്രക്ഷുബ്ധമായി.
ഉച്ചയ്ക്ക് സഭ സമ്മേളിച്ചപ്പോൾ ചോദ്യോത്തര വേളയുടെ തുടക്കം മുതൽ പ്രതിപക്ഷ അംഗങ്ങൾ "മണിപ്പൂർ, മണിപ്പൂർ" എന്ന മുദ്രാവാക്യം ഉയർത്തി. റൂൾ 267 പ്രകാരം മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് 50 അംഗങ്ങൾ നോട്ടീസ് നൽകിയെങ്കിലും സർക്കാർ തയ്യാറായിട്ടില്ലെന്ന് ഖാർഗെ പറഞ്ഞു.
മണിപ്പൂരിനെ ചൊല്ലി രാജ്യസഭയിൽ മന്ത്രി പിയൂഷ് ഗോയലും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും വാക്കുതർക്കം നടത്തി. മോദിക്ക് പകരം ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ച നടത്താൻ തയാറാണെന്നും രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാമെന്നും ഗോയൽ പറഞ്ഞു. "ആഭ്യന്തര മന്ത്രി അതിന് തയ്യാറാണ്... അദ്ദേഹം പാലും വെള്ളവും(സത്യവും നുണയും) വേർതിരിക്കും’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, മോദി സഭയിൽ വരാത്തതിനെ ഖാർഗെ ചോദ്യം ചെയ്തു. ‘ഇത്രയും ആളുകൾ ഇതിനെക്കുറിച്ച് ചർച്ച ആഗ്രഹിക്കുമ്പോൾ എന്തുകൊണ്ടാണ് അവർ സംസാരിക്കാൻ തയ്യാറാകാത്തത്? എന്തുകൊണ്ടാണ് മോദി സാഹബ് ഇവിടെ വന്ന് സ്ഥിതിഗതികൾ വിശദീകരിക്കാത്തത്? പുറത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ മണിപ്പൂരിനെക്കുറിച്ച് സഭയിൽ സംസാരിക്കാൻ അദ്ദേഹം തയ്യാറല്ല’ -അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ പരാമർശങ്ങളെ എതിർത്ത ഗോയൽ, പ്രതിപക്ഷം സഭയെ ശല്യപ്പെടുത്തുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ആരോഗ്യകരമായ സംവാദവും ചർച്ചയും നടത്താമെന്നും അദ്ദേഹം പറഞ്ഞു. "സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയർത്തിക്കാട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മണിപ്പൂർ, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കം. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ട്. സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്തം കാണിക്കണം’ -ഗോയൽ പറഞ്ഞു.
നേരത്തെ, പ്രതിപക്ഷ സഖ്യമായ ഇൻഡ്യക്കെതിരെ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മോദി പരിഹാസം അഴിച്ചുവിട്ടിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു മോദിയുടെ പരാമർശം. ‘ലക്ഷ്യബോധമില്ലാത്ത ഇത്തരം പ്രതിപക്ഷത്തെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. പ്രധാനമന്ത്രിയെ എതിര്‍ക്കുകയെന്ന ഒറ്റ അജന്‍ഡ മാത്രമുള്ളവരുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ’ - മോദി പറഞ്ഞു. ഇതിന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ‘മോദീ, താങ്കൾ എന്തുവേണമെങ്കിലും വിളിച്ചോളൂ, നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിന് സൗഖ്യമേകാനും അവിടെയുള്ള മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ നൽകും. മണിപ്പൂരിൽ ഇന്ത്യ എന്ന ആശയം ഞങ്ങൾ പുനർനിർമ്മിക്കും’ -രാഹുൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.