താൻ ഇന്ത്യയുടെ ആജീവനാന്ത സുഹൃത്ത് –ഷിൻസോ ആബെ
text_fieldsടോക്യോ: ഇന്ത്യയുടെ ആജീവനാന്ത സുഹൃത്തായിരിക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. 13ാം ഇന്ത്യ -ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ജപ്പാനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിെൻറ ഭാഗമായി ഷിൻസോ ആബെ പുറത്തിറക്കിയ മാധ്യമ സന്ദേശത്തിലാണ്, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിെൻറ ആഴം വ്യക്തമാക്കിയത്.
ജപ്പാൻ -ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കൽ ലക്ഷ്യമിട്ടുള്ള ഉച്ചകോടിക്കായി ഞായറാഴ്ചയാണ് മോദി ജപ്പാനിലെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രിക്കായി പടിഞ്ഞാറൻ ടോക്യോവിലെ യെമനാഷിയിലുള്ള അവധിക്കാല വസതിയിൽ വിരുന്നൊരുക്കിയ ആബെ, ഇന്ത്യ സന്ദർശിച്ച ആദ്യ ജപ്പാൻ പ്രധാനമന്ത്രിയും തെൻറ മുത്തച്ഛനുമായ നൊബുസുക്കെ കിഷിയുടെ അനുഭവവും പങ്കുവെച്ചു.
‘‘അത്രയൊന്നും സമ്പന്നമല്ലാതിരുന്ന അന്നത്തെ ജപ്പാെൻറ പ്രധാനമന്ത്രി ആയിരുന്ന മുത്തച്ഛനെ, 1957ൽ ഇന്ത്യയിൽ വെച്ച് ആയിരക്കണക്കിന് ജനങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുത്തത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആയിരുന്നു’’ -സന്ദേശത്തിൽ ആബെ പറഞ്ഞു.
2007ൽ താൻ പ്രധാനമന്ത്രി ആയ സമയത്ത് നടത്തിയ ഇന്ത്യ സന്ദർശനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പാർലമെൻറിനെ അഭിസംബോധന ചെയ്യാൻ ഭാഗ്യം സിദ്ധിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ വർഷത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി മോദിക്കൊപ്പം അഹ്മദാബാദ് സന്ദർശിച്ചതും ആബെ എടുത്തുപറഞ്ഞു.
ഗുജറാത്തിലെ ഖംബാത്തിൽനിന്നുള്ള കരകൗശല വിദഗ്ധൻ ഷാബിർ ഹുസൈൻ ഇബ്രാഹിംഭായ് ശൈഖ്, വർണക്കല്ലിൽ കൊത്തിയെടുത്ത തളികയും ഉത്തർപ്രദേശിൽനിന്ന് നെയ്തെടുത്ത പരവതാനിയും ജപ്പാൻ പ്രധാനമന്ത്രിക്ക് നരേന്ദ്ര മോദി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.