ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാമ്പയിന് മോദി തുടക്കമിടും
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കർണാടകയിൽ പ്രചാരണം മുന്നിൽകണ്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു. വ്യാഴാഴ്ച വിവിധ പരിപാടികളിൽ സംബന്ധിക്കാൻ കല്യാണ കർണാടക മേഖലയിലെ കലബുറഗി, യാദ്ഗിർ ജില്ലകളിലെത്തും. കഴിഞ്ഞയാഴ്ച ഹുബ്ബള്ളിയിൽ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഹുബ്ബള്ളി വിമാനത്താവളം മുതൽ പരിപാടി നടന്ന റെയിൽവേ മൈതാനം വരെ റോഡ് ഷോ നടത്തിയിരുന്നു. സമാന റോഡ്ഷോകൾ കല്യാണ കർണാടക മേഖലയിലെ പരിപാടികളിലും ബി.ജെ.പി സംഘടിപ്പിച്ചേക്കും. വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തിൽ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകൽ വില്ലേജിലേക്ക് യാത്ര തിരിക്കും.
നാരായൺപുര ലെഫ്റ്റ് കനാൽ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗർ ഡാമിൽ നിർമിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും. മോദിയുടെ സന്ദർശനം പ്രമാണിച്ച് യാദ്ഗിർ ഹുനസാഗിയിൽ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെനിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയിൽ പുതുതായി നിർമിച്ച റവന്യൂ വില്ലേജുകൾക്ക് രേഖകൾ കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും. ഗുജറാത്തിൽ പയറ്റിയതുപോലെ, തുടർച്ചയായി കർണാടകയിൽ മോദിയുടെ സന്ദർശനംകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നിലെത്തുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
പിന്നാക്ക വിഭാഗക്കാർ ഏറെയുള്ള മേഖലയാണ് കല്യാണ കർണാടക. ഹൈദരാബാദ്-കർണാടക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മേഖലയെ അടുത്തിടെയാണ് കല്യാണ കർണാടക എന്ന് പുനർനാമകരണം ചെയ്തത്. ബിദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗർ, ബെള്ളാരി, വിജയനഗര, കൊപ്പാൽ ജില്ലകളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും പിന്നാക്ക ജില്ലകളായി അറിയപ്പെടുന്നവയാണ് കല്യാണ കർണാടകയിലുള്ളത്.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽ ഇത്തവണ പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി നീക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കലബുറഗി മണ്ഡലത്തിൽ ഖാർഗെയെ തോൽപിച്ച ഡോ. ഉമേഷ് യാദവാണ് ഇതിന് ചുക്കാൻപിടിക്കുന്നത്. ഉമേഷ് യാദവിന്റെ മകൻ ജില്ലയിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ കൂടിയാണ്. മല്ലികാർജുന ഖാർഗെയുടെ മകനും കോൺഗ്രസ് എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസും കാര്യമായ പ്രചാരണങ്ങൾക്ക് പദ്ധതിയിടുന്നതോടെ കലബുറഗി ഇത്തവണ ശ്രദ്ധാകേന്ദ്രമാവും. ഇത് മുന്നിൽകണ്ടാണ് ബി.ജെ.പി നരേന്ദ്ര മോദിയെത്തന്നെ രംഗത്തിറക്കുന്നത്.
ബെള്ളാരിയിലെ പ്രബലനായ ഗാലി ജനാർദന റെഡ്ഡി പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതോടെ ബി.ജെ.പി വോട്ട് ചോർച്ച ഭയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും പിന്നാക്കവിഭാഗ വോട്ടുകൾ നിർണായകമാവുന്ന കല്യാണ കർണാടക മേഖലയിൽ. ലിംഗായത്ത് വോട്ടുകൾക്കപ്പുറം പിന്നാക്കവോട്ടുകൾകൂടി നേടാൻ കഴിഞ്ഞാലേ മേഖലയിൽ ബി.ജെ.പിക്ക് മുന്നേറാനാകൂ. എന്നാൽ, ഈ മേഖല പൊതുവേ കോൺഗ്രസിന് വേരോട്ടമുള്ള മണ്ണാണെന്നത് തിരിച്ചറിഞ്ഞാണ് ബി.ജെ.പി തുറുപ്പുശീട്ടിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.