ഹിമാചൽ തെരഞ്ഞെടുപ്പ്: വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
text_fieldsഷിംല: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവ വോട്ടർമാർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി. 68 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വോട്ടിങ് രാവിലെ ആരംഭിച്ചിരിക്കുകയാണ്.
'ഇന്ന് ഹിമാചൽ പ്രദേശിലെ എല്ലാ നിയമസഭാ സീറ്റുകളിലേക്കും പോളിങ് നടക്കുന്ന ദിവസമാണ്. ദേവഭൂമിയിലെ എല്ലാ വോട്ടർമാരോടും ജനാധിപത്യത്തിന്റെ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ഈ അവസരത്തിൽ ആദ്യമായി വോട്ട് ചെയ്ത സംസ്ഥാനത്തെ എല്ലാ യുവജനങ്ങൾക്കും പ്രത്യേക ആശംസകൾ' -പ്രധാന മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ കുറേ വർഷങ്ങളായി ബി.ജെ.പിയും കോൺഗ്രസുമാണ് ഹിമാചൽ പ്രദേശിൽ മാറിമാറി ഭരിക്കുന്നത്. ഇത്തവണ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്.
പല മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ്. ബി.ജെ.പിയിൽ നിന്ന് രാംകുമാറും എ.എ.പിയിൽ നിന്ന് രവീന്ദർ പാൽ സിംഗ് മാനെയും കോൺഗ്രസിന്റെ മുകേഷ് അഗ്നിഹോത്രിയുമാണ് ഹരോളിയിൽ മത്സരിക്കുന്നത്. ഹമീർപൂരിൽ ബി.ജെ.പിയുടെ നരീന്ദർ ഠാക്കൂർ കോൺഗ്രസിന്റെ പുഷ്പേന്ദ്ര വർമയ്ക്കും എ.എ.പിയുടെ ഷുശീൽ കുമാർ സുറോച്ചിനും പ്രധാന വെല്ലുവിളിയാകും. ഷിംല റൂറലിൽ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ്ങും ബി.ജെ.പിയുടെ രവി മേത്തയും എ.എ.പിയുടെ പ്രേം താക്കൂറും മത്സരിക്കും.
55,92,828 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 27,37,845 സ്ത്രീകളും 28,54,945 പുരുഷന്മാരും 38 പേർ ഭിന്നലിംഗക്കാരുമാണ്. 412 സ്ഥാനാർഥികളിൽ 24 പേർ വനിതകളാണ്. തെരഞ്ഞെടുപ്പ് ഫലം ഡിസംബർ എട്ടിന് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.