യുക്രെയ്ൻ യുദ്ധം നിർത്താൻ ശ്രമിക്കുന്ന മോദി മണിപ്പൂർ സന്ദർശിക്കുന്നില്ല -ഉവൈസി
text_fieldsഹൈദരാബാദ്: റഷ്യ-യുക്രെയ്ൻ യുദ്ധം നിർത്താൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര സംഘർഷം നടക്കുന്ന മണിപ്പൂർ സന്ദർശിക്കുന്നില്ലെന്ന് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി.
‘ഒരു വർഷമായി മണിപ്പൂർ കത്തുകയാണ്. ബലാത്സംഗമുൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നത് എല്ലാവരുടെയും താൽപര്യമാണ്. എന്നാൽ, വീടിന് തീപിടിച്ചാൽ അതാദ്യം കെടുത്തണം.’’ -പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഉവൈസി പറഞ്ഞു.
മദ്റസകളിൽ എ.കെ 47 തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്നുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ ആരോപണത്തെ ഉവൈസി ശക്തമായി വിമർശിച്ചു.
എങ്ങനെയാണ് അദ്ദേഹത്തിന് ഇത്തരത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ കഴിയുന്നതെന്ന് ചോദിച്ച ഉവൈസി, സ്വാതന്ത്ര്യ സമരത്തിൽ മുസ്‍ലിംകൾ ത്യാഗം ചെയ്തതിന് പിന്നിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മദ്റസകൾ നൽകിയ ഫത്‍വയും പ്രചോദനമായിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.
ഇസ്‍ലാം ഭീതി രോഗം ബാധിച്ച മന്ത്രി മണിപ്പൂരിൽ പോയി പൊലീസുകാരുടെ ആയുധം എവിടേക്കാണ് എടുത്തുകൊണ്ടുപോയതെന്ന് അന്വേഷിക്കണമെന്നും ഉവൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.