പുതുതലമുറക്ക് കഥകൾ പറഞ്ഞുകൊടുക്കണമെന്ന് മോദി; കർഷക സമരത്തെ കുറിച്ച് മിണ്ടിയില്ല
text_fieldsന്യൂഡൽഹി: പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകിയത് നാടോടിക്കഥകളാൽ സമ്പന്നമായ ഇന്ത്യയുടെ ഭൂതകാലത്തെ കുറിച്ച്. കഥപറച്ചലിന്‍റെ വലിയ പാരമ്പര്യം രാജ്യത്തിനുണ്ടെന്നും പുതുതലമുറക്ക് കഥകൾ പറഞ്ഞുകൊടുക്കണമെന്നും മോദി ആവശ്യപ്പെട്ടു. രാജ്യത്തെ കർഷകരെ വാനോളം പുകഴ്ത്താൻ തയാറായ പ്രധാനമന്ത്രി പക്ഷേ, രാജ്യവ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് യാതൊന്നും പറഞ്ഞില്ല.
മാനവികതയുടെ ചരിത്രത്തോളം പഴക്കമുണ്ട് കഥപറച്ചിലിന്. എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ട്. ഒരു വ്യക്തിയുടെ സൃഷ്ടിപരവും സംവേദനാത്മകവുമായ വശമാണ് കഥകൾ മുന്നിലെത്തിക്കുന്നത്. കഥകൾ സംവേദനാത്മകമാണ്. ഒരു വശത്ത് കഥാകാരൻ, മറുവശത്ത് ശ്രോതാക്കൾ അല്ലെങ്കിൽ വായനക്കാർ -മോദി പറഞ്ഞു.
കഥകൾ നമ്മെ ചിന്തിപ്പിക്കുന്നു. കുട്ടികളുടെ സർഗശേഷിയെയും വ്യക്തിത്വത്തെയും രൂപവത്കരിക്കുന്നു. പഞ്ചതന്ത്രത്തിന്‍റെയും ഹിതോപദേശത്തിന്‍റെയും ചരിത്രമുള്ളവരാണ് നമ്മൾ. കഥകളിൽ മൃഗങ്ങളും പക്ഷികളും നിറഞ്ഞ സാങ്കൽപ്പിക ലോകമാണ്. അതിനാൽ വിജ്ഞാനത്തിന്‍റെയും ബുദ്ധിശക്തിയുടെയും വാക്കുകൾ എളുപ്പം മനസിലാക്കാനാകും.
കോവിഡ് മഹാമാരിയുടെ കാലത്ത് കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഥകൾക്ക് സാധിക്കും. വൈദേശിക ഭരണത്തിന്‍റെ കാലം മുതൽ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം വരെയുള്ള കഥകൾ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. 1857നെയും 1947നെയും കുറിച്ച് പറയണം -മോദി പറഞ്ഞു.
സ്വയം പര്യാപ്ത ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ കർഷകർക്ക് പ്രധാന പങ്കുണ്ടെന്ന് പറഞ്ഞ മോദി രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ച് മൗനം പാലിച്ചു. നേരത്തെ, കോവിഡിനെ നേരിടാനുള്ള പദ്ധതിയെ കുറിച്ച് ഇന്നെങ്കിലും മോദി സംസാരിക്കുമോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.