വിവേകാനന്ദപ്പാറയിലെ മോദിയുടെ ധ്യാനം; സുരക്ഷയൊരുക്കാൻ 2000 പൊലീസുകാർ
text_fieldsകന്യാകുമാരി: വിവേകാനന്ദപ്പാറയിലെ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കുമ്പോൾ സുരക്ഷയൊരുക്കുന്നത് 2000 പൊലീസുകാർ. വിവിധ സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടാകും.
അവസാനഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷം മേയ് 30നാണ് മോദി കന്യാകുമാരിയിൽ എത്തുക. അന്ന് വൈകുന്നേരം മുതൽ ജൂൺ ഒന്ന് വൈകുന്നേരം മൂന്നുവരെ 45 മണിക്കൂർനേരം അദ്ദേഹം ധ്യാന മണ്ഡപത്തിലുണ്ടാകും.
തിരുനേൽവേലി ഡി.ഐ.ജി പ്രവേഷ് കുമാർ, ജില്ല പൊലീസ് സൂപ്രണ്ട് ഇ. സുന്ദരവതനം എന്നിവർ സുരക്ഷാ ഒരുക്കങ്ങൾ വിലയിരുത്തി. വിവേകാനന്ദപ്പാറ, ബോട്ട്ജെട്ടി, ഹെലിപ്പാഡ്, കന്യാകുമാരി ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും കടലിൽ കാവലുണ്ടാകും.
അതേസമയം, പ്രധാനമന്ത്രിയുടെ ധ്യാന പരിപാടിക്കെതിരെ ഡി.എം.കെയുടെ അഭിഭാഷക സംഘടന ജില്ല കലക്ടർ കൂടിയായ ജില്ല റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മോദിയുടെ ധ്യാനം മൂലം കന്യാകുമാരിയിൽ വിനോദസഞ്ചാരികൾക്ക് മൂന്ന് ദിവസം വിവേകാനന്ദപ്പാറ സ്മാരകം സന്ദർശിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ധ്യാനം വഴി മോദി നിശബ്ദ പ്രചാരണത്തിനാണ് ശ്രമിക്കുന്നതെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. ശെൽവ പെരുന്തകൈ കുറ്റപ്പെടുത്തി. പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുള്ളപ്പോൾ ഇത്തരം പരിപാടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകാനും കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.