കുത്തിത്തിരിപ്പിനും ഇടം; പുതിയ മന്ത്രിസഭയുടെ പ്രത്യേകതകൾ അറിയാം
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനസംഘടനയിൽ അപ്രതീക്ഷിത നീക്കങ്ങളും രാഷ്ട്രീയ ചരടുവലികളും. 36 പുതുമുഖങ്ങൾക്ക് ഇടംകൊടുത്ത പുതിയ ജംബോ മന്ത്രിസഭയിൽ, സഖ്യകക്ഷിയായ എൽ.ജെ.പിയെ ഉൾപ്പെടുത്തിയത് ആ പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കും. എൽ.ജെ.പി പ്രസിഡന്‍റ് ചിരാഗ് പാസ്വാനെ ഒതുക്കി പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന പിതൃ സഹോദരനായ പശുപതി പരാസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതാണ് വിവാദമാകുന്നത്.
പാർട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് ചിരാഗിനെ നീക്കിയതായി പശുപതി വിഭാഗം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെ, പശുപതി അടക്കം വിമത നീക്കം നടത്തിയ അഞ്ച് എം.പിമാരെ പാർട്ടിയിൽ നിന്ന് ചിരാഗ് പുറത്താക്കി. എൻ.ഡി.എയിൽനിന്ന് അകലുന്ന സൂചനയും ചിരാഗ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു. ഇതിനിടെയാണ് പശുപതിക്ക് കേന്ദ്രമന്ത്രിസ്ഥാനം നൽകിയിരിക്കുന്നത്. നിലവിൽ പാർട്ടി അംഗത്വം പോലുമില്ലാത്തയാളെ മന്ത്രിയാക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി ചിരാഗ് രംഗത്തുവന്നിട്ടുണ്ട്.
വലിയ മാറ്റങ്ങൾ
മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച വിശദാംശങ്ങൾ രാത്രി ൈവകിയാണ് പുറത്തുവന്നത്. ഹർഷ് വർധന് പകരം മൻസുഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയായി. കോൺഗ്രസ് വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് വ്യോമയാനം. വിദ്യാഭ്യാസം ധർമേന്ദ്ര പ്രധാനും ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ്, സ്പോർട്സ് വകുപ്പുകൾ അനുരാഗ് താക്കൂറും കൈകാര്യംചെയ്യും. പ്രധാനമന്ത്രി മോദിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പുകൾ കൈകാര്യം ചെയ്യുക. അമിത് ഷാക്ക് ആഭ്യന്തര വകുപ്പിന് പുറമേ പുതുതായി രൂപവത്കരിച്ച സഹകരണ മന്ത്രാലയത്തിന്‍റെ ചുമതല കൂടി ലഭിച്ചു. ആരോഗ്യമന്ത്രി ഹർഷ് വർധൻ അടക്കം നാല് ഉന്നതരുടെ കസേര തെറിച്ചു.
43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു; 12 മന്ത്രിമാരെ ഒഴിവാക്കി
ഹർഷ് വർധൻ, രവിശങ്കർ പ്രസാദ്, പ്രകാശ് ജാവദേക്കർ, രമേശ് പൊക്രിയാൽ എന്നീ മുതിർന്ന നാലുപേരുടെ കസേര തെറിച്ചതാണ് കൂടുതൽ ശ്രദ്ധേയമായത്. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ നേരിട്ട വൻപരാജയം ആരോഗ്യമന്ത്രിയുടെ തലയിൽകെട്ടിവെച്ച് മുഖംമിനുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഹർഷ് വർധനെ പുറത്താക്കിയത്. ട്വിറ്ററുമായി അനാവശ്യ ഏറ്റുമുട്ടൽ നടത്തി വിവാദത്തിലായ നിയമ, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിന്‍റെ സ്ഥാനനഷ്ടവും ചർച്ചയാകുന്നുണ്ട്. പ്രകാശ് ജാവദേക്കറും രമേശ് പൊക്രിയാലും മോശം പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്.
36 പുതുമുഖങ്ങൾ
36 പുതുമുഖങ്ങളിൽ ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവൽ, നാരായണ റാണെ എന്നിവരും ഉൾപ്പെടുന്നു. രാജ്യസഭാ എംപിയും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ റാണെയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ, അസം മുൻ മുഖ്യമന്ത്രി സോനോവാൾ സത്യപ്രതിജ്ഞ ചെയ്തു.
ഏഴ് സഹമന്ത്രിമാർക്ക് പ്രൊമോഷൻ
പ്രമുഖരെ പുറത്താക്കിയ സാഹചര്യത്തിൽ ഏഴ് സഹമന്ത്രിമാർക്ക് കാബനറ്റ് റാങ്കിലേക്ക് പ്രൊമോഷൻ ലഭിച്ചു. കിരൺ റിജിജു, ആർ കെ സിംഗ്, ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ, പുരുേഷാത്തം രൂപാല, ജി. കിഷൻ റെഡ്ഡി, അനുരാഗ് താക്കൂർ എന്നിവർക്കാണ് കാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
ഏഴ് സ്ത്രീകൾ കൂടി മന്ത്രിക്കസേരയിൽ
പുതിയ മന്ത്രി സഭയിൽ വനിതാ പ്രാതിനിധ്യം വർധിച്ചു. ഏഴുപേരാണ് പുതുതായി മന്ത്രിസഭയിലെത്തിയത്. അനുപ്രിയ സിംഗ് പട്ടേൽ (മിർസാപൂർ, യു.പി), ശോഭ കരന്ദ്‌ലാജെ (ഉഡുപ്പി, കർണാടക), ദർശന വിക്രം ജർദോഷ് (സൂറത്ത്, ഗുജറാത്ത്), മീനാക്ഷി ലേഖി (ന്യൂഡൽഹി), അന്നപൂർണ ദേവി (കോഡർമ, ഝാർഖണ്ഡ്) പ്രതിമ ഭൗമിക് (വെസ്റ്റ് ത്രിപുര), ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര) എന്നിവരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇതോെട കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരുൾപ്പെടെ വനിതാ മന്ത്രിമാരുടെ എണ്ണം ഒമ്പതായി.
പട്ടികയിൽ സഖ്യകക്ഷികളും
എൻഡിഎയുടെ മൂന്ന് സഖ്യകക്ഷികൾക്കാണ് ഇത്തവണ പുനസംഘാടനത്തിലൂടെ ഇടംനൽകിയത്. ലോക് ജനശക്തി പാർട്ടി (എൽജെപി), ജെ.ഡി.യു, അപ്നദൾ എന്നീ പാർട്ടികൾക്കാണ് പരിഗണന. എന്നാൽ, എൽ.ജെ.പി പുറത്താക്കിയ പശുപതി കുമാർ പരസിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് വരുംദിവസങ്ങളിൽ കൂടുതൽ വിവാദമാകും.
യു.പിയെ േസാപ്പിടാൻ ഏഴുപേർ
അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിനെ വരുതിയിൽ നിർത്താൻ അവിടെ നിന്നുള്ള ഏഴുപേർക്കാണ് പുതുതായി മന്ത്രിസ്ഥാനം നൽകിയത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന സംസ്ഥാനം കോവിഡ് പ്രതിരോധത്തിലും മറ്റും കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് നടപടി.
ആഭ്യന്തരത്തിനും വിദേശകാര്യത്തിനും മൂന്ന് സഹമന്ത്രിമാർ
ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും മൂന്നുവീതം സഹമന്ത്രിമാരെ നിയമിച്ചു. വി. മുരളീധരൻ, മീനാക്ഷി ലേഖി, രാജ്കുമാർ രഞ്ജൻ സിങ് എന്നിവരാണ് ആഭ്യന്തര സഹമന്ത്രി. വിദേശകാര്യ വകുപ്പിൽ നിത്യാനന്ദ് റായ്, അജയ് കുമാർ, നിഷിത് പ്രമാണിക് എന്നിവരും ചുമതലയേറ്റു.
മൂന്നുവയസ്സ് കുറഞ്ഞു
മന്ത്രിമാരുടെ ശരാശരി പ്രായം ഇപ്പോൾ 61ൽനിന്ന് 58 ആയി കുറഞ്ഞു. 14 മന്ത്രിമാർക്ക് 50 വയസ്സിന് താഴെയാണ് പ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.