തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കമാക്കി മോദിയുടെ ചെങ്കോട്ട രാഷ്ട്രീയപ്രസംഗം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിപദത്തിലെ രണ്ടാമൂഴത്തിന്റെ അവസാന ചെങ്കോട്ട പ്രസംഗം 2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയപ്രസംഗമാക്കി മാറ്റി നരേന്ദ്ര മോദി. പാർലമെന്റിൽ ചർച്ച ചെയ്യാൻപോലും തയാറാകാത്ത വിഷയങ്ങളെന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപം നേരിട്ട വിഷയങ്ങളായ മണിപ്പൂരും വിലക്കയറ്റവും പരാമർശിക്കാൻ മോദി തയാറായതും അതേക്കുറിച്ച് മൗനംപാലിക്കുന്നുവെന്ന ആക്ഷേപം മറികടക്കാനായിരുന്നു. ദേശീയ ദിനാഘോഷം കേവലമൊരു രാഷ്ട്രീയ പരിപാടിയാക്കി പ്രധാനമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്തു.
ചെങ്കോട്ടയിൽ ത്രിവർണപതാക സാക്ഷിയാക്കി തന്റെ നാട്ടുകാർക്കായി 10 വർഷത്തെ സർക്കാർ നേട്ടങ്ങൾ നിരത്തിയ പ്രധാനമന്ത്രി അതെല്ലാം സാധ്യമായത് ‘മോദി’ ഒരാൾ കാരണമാണെന്ന് സ്വയം വർണിച്ചുകൊണ്ടിരുന്നു.
‘2019ൽ വീണ്ടും സർക്കാറുണ്ടാക്കിയപ്പോൾ മോദിയിൽ പരിഷ്കരണങ്ങൾക്കുള്ള ധൈര്യമുണ്ടായി. മോദി ഒന്നിന് പിറകെ ഒന്നായി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. കഴിഞ്ഞ 25 വർഷമായി രാജ്യത്ത് ചർച്ച നടന്ന ഒരു പുതിയ പാർലമെന്റ് ഉണ്ടാകണമെന്ന കാര്യം ഞങ്ങൾ തീരുമാനിച്ചു. നിശ്ചിത സമയത്തിനുമുമ്പേ പുതിയ പാർലമെന്റ് ഉണ്ടാക്കിയത് മോദിയാണ്’. സ്വന്തത്തെ കുറിച്ചുള്ള മോദിയുടെ വർണന ഇങ്ങനെ പോയി.
വോട്ട് ലക്ഷ്യമിട്ടുള്ള പ്രസംഗത്തിൽ ‘ഭായിയോ ബഹനോം’ എന്ന പതിവ് വിളിക്ക് പകരം ‘പരിവർജൻ’ (കുടുംബാംഗങ്ങൾ) എന്നും ‘സബ് കാ സാഥ് സബ് കാ വികാസി’(എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം) പതിവ് മുദ്രാവാക്യത്തിന് പകരം സർവജൻ ഹിതായ സർവജൻ സുഖായ (സർവരുടെയും താൽപര്യം; സർവരുടെയും സന്തോഷം) എന്നും മോദി മാറ്റിപ്പിടിച്ചു. ‘ബഹുജൻ ഹിതായ; ബഹുജൻ സുഖായ’ എന്ന ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി)യുടെ മുദ്രാവാക്യത്തിൽ ഭേദഗതി വരുത്തിയതാണ് മോദിയുടെ ‘സർവജൻ ഹിതായ, സർവജൻ സുഖായ’
2024ലെ പൊതുതെരഞ്ഞെടുപ്പിനുള്ള തുറുപ്പുശീട്ടായി ‘മോദിയെ ലോക നേതാവായും മോദിയുടെ ഇന്ത്യയെ വിശ്വ ഗുരുവായും’ ബി.ജെ.പി അവതരിപ്പിക്കുമ്പോൾ ജി-20 ആ പ്രചാരണത്തിനുള്ള ആയുധമാക്കി ചെങ്കോട്ടയിലെ പ്രസംഗത്തിലും മോദി മാറ്റി. ഇന്ത്യയുടെ ഓരോ കോണിലും സംഘടിപ്പിച്ച ജി-20 പരിപാടികൾ ഇന്ത്യയിലെ സാധാരണക്കാരന്റെ സാധ്യതകളെക്കുറിച്ച് ലോകത്തെ ബോധവാന്മാരാക്കിയെന്നും ഇന്ത്യയുടെ വൈവിധ്യം അവർക്ക് പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
പുതിയ ലോകക്രമത്തിൽ ഭൗമരാഷ്ട്രീയ സമവാക്യത്തിന്റെ എല്ലാ വ്യാഖ്യാനങ്ങളും നിർവചനങ്ങളും മാറുകയാണെന്നും ഇന്ന് ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറുകയാണെന്നും അദ്ദേഹം തുടർന്നു. ഇപ്പോൾ പന്ത് നമ്മുടെ കോർട്ടിലാണെന്നും അവസരം കൈവിടരുതെന്നും രാജ്യത്തോട് ആവശ്യപ്പെട്ട മോദി 30 വർഷത്തെ അനുഭവത്തിന് ശേഷം 2014ൽ ശക്തവും സുസ്ഥിരവുമായ സർക്കാറുണ്ടാക്കാൻ തിരുമാനിച്ചതിലൂടെ പ്രശ്നങ്ങളുടെ വേരുകൾ മനസ്സിലാക്കാൻ കഴിവുണ്ടെന്ന് പറഞ്ഞ് രാജ്യനിവാസികളെ അഭിനന്ദിച്ചതും 2024ലെ തുടർഭരണം സ്വപ്നം കണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു.
‘വിലക്കയറ്റം നിയന്ത്രിക്കാൻ കഠിനമായി ശ്രമിച്ചു’
ന്യൂഡൽഹി: വിലക്കയറ്റം നിയന്ത്രിക്കാൻ രാജ്യം കഠിനപരിശ്രമം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടു. 77-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലവുമായി താരതമ്യം ചെയ്യുമ്പോഴും ലോകത്തെ നോക്കുമ്പോഴും നമ്മുടെ സ്ഥിതി മെച്ചമാണെങ്കിലും സേന്താഷമില്ല. വിലക്കയറ്റത്തിന്റെ ഭാരം കുറക്കാനായി ഇനിയും നീക്കങ്ങൾ ആവശ്യമാണ്. അതിനായി പരിശ്രമം തുടരും. ആഗോളവിപണിയിൽ ചാക്കിന് 3,000 രൂപ വിലയുള്ള യൂറിയ കർഷകർക്ക് 300 രൂപക്ക് നൽകാൻ സബ്സിഡിയായി കേന്ദ്രം 10 ലക്ഷം കോടി രൂപ ചെലവിട്ടു.
അടുത്ത വർഷം ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പ്രസംഗത്തിന് താൻതന്നെ വരുമെന്ന് മോദി അവകാശപ്പെട്ടു. രാജ്യത്തിന്റെ സ്വപ്നങ്ങൾ 2047ൽ യാഥാർഥ്യമാക്കുന്നതിൽ നിർണായകമാണ് വരാനിരിക്കുന്ന അഞ്ചു വർഷം എന്നു പറഞ്ഞ് തന്നെ ഒരിക്കൽക്കൂടി അധികാരത്തിലെത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ, മോദിയുടെ പ്രസംഗം നുണയും അതിശയോക്തിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പ്രസംഗമാണെന്ന് പ്രതിപക്ഷം വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.