മോദിയുടെ മുൻഗാമികൾ ക്വിറ്റിന്ത്യ സമരത്തെ ഒറ്റിയവർ -ഖാർഗെ
text_fieldsന്യൂഡൽഹി: മോദി-അമിത് ഷാമാരുടെ രാഷ്ട്രീയ-ആശയങ്ങളുടെ മുൻഗാമികൾ സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യക്കാർക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്ലിം ലീഗിനെയും പിന്തുണച്ചവരാണെന്ന് ഖാർഗെ. സാധാരണക്കാരുടെ അഭിലാഷവും ആവശ്യങ്ങളും മുൻനിർത്തി രൂപപ്പെടുത്തിയ കോൺഗ്രസ് പ്രകടനപത്രികക്കെതിരെ ഇന്നും അവർ മുസ്ലിം ലീഗിനെ എടുത്തിടുകയാണ്.
മൗലാന അബുൽ കലാം ആസാദിന്‍റെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യ പ്രക്ഷോഭത്തിന് 1942ൽ മഹാത്മാഗാന്ധി ആഹ്വാനം ചെയ്തപ്പോൾ എതിർത്ത കൂട്ടരാണ് മോദി-അമിത് ഷാമാരുടെ ആശയ മുൻഗാമികൾ. 1940കളിൽ ബംഗാളിലും സിന്ധിലും വടക്കുപടിഞ്ഞാറൽ അതിർത്തി പ്രവിശ്യയിലും മുസ്ലിംലീഗുമായി ചേർന്ന് ശ്യാമപ്രസാദ് മുഖർജി എങ്ങനെ സർക്കാറുണ്ടാക്കിയെന്ന് എല്ലാവർക്കും അറിയാം.
ക്വിറ്റിന്ത്യ സമരത്തെ എങ്ങനെ നേരിടണം, കോൺഗ്രസിനെ എങ്ങനെ ഒതുക്കണമെന്ന് അന്നത്തെ ബ്രിട്ടീഷ് ഗവർണർക്ക് ശ്യാമപ്രസാദ് മുഖർജി കത്തെഴുതിയില്ലേ? അതിനായി ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ വിശ്വസിക്കണമെന്നും ഉപദേശിച്ചു. മോദി-അമിത് ഷാമാരും അവർ നിയോഗിച്ച ബി.ജെ.പി പ്രസിഡന്‍റും കോൺഗ്രസ് പ്രകടന പത്രികയെക്കുറിച്ച് തെറ്റായി പ്രചരിപ്പിക്കുകയാണ്.
മോദിയുടെ പ്രസംഗങ്ങളിൽ ആർ.എസ്.എസിന്‍റെ നാറ്റമുണ്ട്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഗ്രാഫ് താഴോട്ടാണ്. അതുകൊണ്ട് മുസ്ലിംലീഗിനെ ആർ.എസ്.എസ് ഓർക്കാൻ തുടങ്ങിയിരിക്കുന്നു. ഒറ്റ സത്യം മാത്രം -ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ആശയവും അഭിലാഷവുമാണ് കോൺഗ്രസ് പ്രകടനപത്രിക പ്രതിഫലിപ്പിക്കുന്നത്. അവരുടെ സംഘടിത ശക്തി മോദിയുടെ 10 വർഷത്തെ അനീതി ഭരണത്തിന് അന്ത്യം കുറിക്കും -ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.