ഇന്ത്യ തന്ത്രപ്രധാന പങ്കാളിയായി തുടരും; മോദിയുടെ റഷ്യൻ സന്ദർശനത്തിൽ പ്രതികരിച്ച് യു.എസ്
text_fieldsവാഷിങ്ടൻ: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിനിടയിലും ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാന പങ്കാളിയായി തുടരുമെന്ന് യു.എസ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെയും പ്രധാനമന്ത്രി മോദിയുടെ മോസ്കോ സന്ദർശനത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെ യു.എസ് വക്താക്കളാണ് ഇക്കാര്യം പറഞ്ഞത്.
“ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. ഇന്ത്യയുമായി ഞങ്ങൾ ചർച്ചകളിൽ ഏർപ്പെടുമ്പോഴും അവർ റഷ്യയുമായുള്ള ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ ഇത് ഇന്ത്യ-യു.എസ് ബന്ധത്തെ ഒരിക്കലും ബാധിച്ചിട്ടില്ല” -പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്ന് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പ്രതികരിച്ചു.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റഷ്യയിലെത്തിയത് യു.എസുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന നിരീക്ഷണങ്ങൾക്കിടെയാണ് യു.എസിന്റെ പ്രതികരണം. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ സംഘർഷത്തെ കുറിച്ച് ചർച്ച നടന്നിരുന്നു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ഇന്ത്യ അപലപിച്ചിട്ടില്ല, എന്നാൽ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷം പരിഹരിക്കാൻ നിരന്തര ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.