മോദിയുടെ പ്രസംഗം മുങ്ങി; ബി.ജെ.പി ബജറ്റ് ചർച്ച മുടക്കി
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തുടക്കം മുതൽ ഒടുക്കം വരെ അദാനിക്കെതിരായുള്ള പ്രതിഷേധത്തിൽ മുങ്ങിയതിന്റെ രോഷം ബി.ജെ.പിയും രാജ്യസഭ ചെയർമാനും തീർത്തത് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയോട്.
ചട്ടപ്രകാരം ക്രമപ്രശ്നം ഉന്നയിക്കാനോ സംസാരിക്കാനോ പ്രതിപക്ഷ നേതാവിനെ രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ അനുവദിക്കാതിരുന്നപ്പോൾ മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബജറ്റിന്മേലുള്ള ചർച്ച കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി അംഗങ്ങളും ബഹളം വെച്ച് തടഞ്ഞു.
ഒടുവിൽ ബജറ്റ് ചർച്ച തുടങ്ങാനാകാതെ സഭ പിരിയുകയാണെന്ന് ചെയർമാൻ അറിയിക്കുകയായിരുന്നു. വിട്ടുനിൽക്കാൻ പ്രതിപക്ഷ അംഗങ്ങളെ പ്രേരിപ്പിക്കാതെ മോദിക്കെതിരായ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വഴിയൊരുക്കിയതാണ് രാജ്യസഭ ചെയർമാനെയും ബി.ജെ.പിയെയും രോഷത്തിലാക്കിയത്.
ചെയർമാന്റെ നിരവധി താക്കീതുകളും മുന്നറിയിപ്പുകളുമെല്ലാം അവഗണിച്ചായിരുന്നു നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം. കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, മുകുൽ വാസ്നിക്, കെ.സി. വേണുഗോപാൽ, ശക്തി സിങ് കോഹിൽ, നസീർ അഹ്മദ്, ദിഗ്വിജയ് സിങ്, ആപ് നേതാവ് സഞ്ജയ് സിങ്, തൃണമൂൽ നേതാക്കളായ നദീമുൽഹഖ് ജവഹർ സർക്കാർ തുടങ്ങിയവരൊക്കെ നടുത്തളത്തിലേക്ക് നീങ്ങി പ്രതിഷേധത്തിൽ സജീവമായെങ്കിലും ഇരിപ്പിടത്തിലിരുന്ന ഖാർഗെയോടാണ് രോഷം തീർത്തത്.
ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പെ റൂൾബുക്ക് ഉയർത്തിക്കാണിച്ച് ക്രമപ്രശ്നം ഉണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തേക്ക് ചെയർമാൻ തിരിഞ്ഞുനോക്കിയില്ല.
സഭാ ചട്ടം അനുസരിച്ച് പ്രതിപക്ഷ നേതാവ് എഴുന്നേറ്റാലോ ഏതെങ്കിലും എം.പിമാർ ക്രമപ്രശ്നം ഉന്നയിച്ചാലോ അത് പരിഗണിച്ച ശേഷമേ മറ്റു അജണ്ടകളിലേക്ക് കടക്കാനാകൂ. ഇക്കാര്യം ഉണർത്തിയ ജയറാം രമേശിനോട് സഭയിൽ ക്രമമില്ലാതാക്കിയാണോ ക്രമപ്രശ്നം ഉന്നയിക്കുന്നതെന്ന് ധൻഖർ തിരിച്ചടിച്ചു.
അതേസമയം, മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ബി.ജെ.പി അംഗങ്ങൾ ബഹളം തുടങ്ങി.
ചിലർ നടുത്തളത്തിലേക്കിറങ്ങാനും തുനിഞ്ഞു. ഖാർഗെയെ അവഗണിച്ച് രാജ്യസഭ ചെയർമാൻ കോൺഗ്രസ് നേതാവ് ശക്തി സിങ് കോഹിലിനെ ബജറ്റ് ചർച്ചക്കായി വിളിച്ചിട്ടും ഭരണപക്ഷം അനുവദിച്ചില്ല. തുടർന്ന് സഭ പിരിയുകയാണെന്ന് ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.