ലക്ഷ്യം തീവ്രവാദമുക്ത മേഖല; മോദിയുടെ ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ സന്ദർശനത്തിന് തുടക്കം
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: സുരക്ഷ, പരസ്പര ബന്ധം, അവസരങ്ങൾ എന്നിവയിൽ ഊന്നിയുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ട് നയിക്കാനും തീവ്രവാദമുക്ത മേഖലക്കായി സഹരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും താൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാല് ദിവസത്തെ ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ സന്ദർശനത്തിന് തൊട്ടുമുമ്പായി നൽകിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മധ്യേഷ്യയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആഗസ്റ്റ് 29, 30 തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഉസ്‌ബെക്കിസ്ഥാൻ സന്ദർശനം. ഉസ്‌ബെക് പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരമാണ് രാജ്യതലസ്ഥാനമായ താഷ്‌കെന്റിലെത്തുന്നത്. മോദിയുടെ ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്.
സന്ദർശനത്തിനിടെ മിർസിയോയേവുമായി പ്രധാനമന്ത്രി പ്രതിനിധിതല ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളാകും ചർച്ചകളിൽ പ്രധാനമായും പരിഗണിക്കുക. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണം ഇരു നേതാക്കളും അവലോകനം ചെയ്യും. ഭാവിയിലേക്കുള്ള സഹകരണ അജണ്ടക്കും രൂപം നൽകും.
താഷ്കെന്റ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസിലെ ശാസ്ത്രി സ്മാരകവും മഹാത്മാ ഗാന്ധി കേന്ദ്രവും മോദി സന്ദർശിക്കും. ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ഒന്നു വരെ മോദി കിർഗിസ്ഥാനിൽ ആയിരിക്കും. കിർഗ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തിയ ശേഷം, അവിടെ നടക്കുന്ന 26 -ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ വിദേശകാര്യ മന്ത്രാലയം കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

