തോൽവിയിലുള്ള ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നത്; വിദ്വേഷ പ്രസംഗത്തിൽ യോഗേന്ദ്ര യാദവ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി യോഗേന്ദ്ര യാദവ്. ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി.
മോദി ഒരു മിനിട്ടിനുള്ളിൽ മൂന്ന് കള്ളങ്ങൾ പറഞ്ഞു എന്നതല്ല വാർത്ത. മുസ് ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി എന്നതല്ല വാർത്ത. മറിച്ച്, ആദ്യഘട്ടത്തിൽ ബി.ജെ.പി തോൽക്കാൻ പോകുന്നുവെന്ന ഭയമാണ് മോദിയുടെ വാക്കുകളിൽ നിഴലിക്കുന്നതെന്നും യോഗേന്ദ്ര യാദവ് വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
രാമന്‍റെ പേരിൽ മുഖംമൂടി ധരിച്ചവർ എല്ലാവരെയും കൊള്ളയടിക്കുമെന്ന് യോഗേന്ദ്ര യാദവ് എക്സിൽ കുറിച്ചു.
''സാർ എത്ര പേടിച്ചിരിക്കുന്നു?
എല്ലാ ചെറിയ കാര്യങ്ങളെയും ഭയപ്പെടുന്നു,
കസേര ഇളകുന്നു
മതത്തെ മുന്നോട്ട് കൊണ്ടു പോകുന്നു
ഇവയാണ് സംസാര വാക്കുകൾ, നൂറിൽ തൊണ്ണൂറും നുണയാണ്,
രാമന്‍റെ പേരിൽ മുഖംമൂടി ധരിച്ചവർ എല്ലാവരെയും കൊള്ളയടിക്കും.'' -യോഗേന്ദ്ര യാദവ് വ്യക്തമാക്കി
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. മോദി നുണ പറയുകയാണെന്നും വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ പ്രധാനമന്ത്രി പദത്തിന്‍റെ അന്തസ് ഇടിച്ചുതാഴ്ത്തിയാൾ മോദി മാത്രമാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമിഷന് പരാതി നൽകുമെന്ന് ബ്രിന്ദ കാരാട്ടും വ്യക്തമാക്കി.
രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദി മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചു നൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് മോദി ചോദിച്ചത്.
‘‘രാജ്യത്തിലെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‍ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ? ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ?''-മോദി ചോദിച്ചു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.