തെലങ്കാനയിൽ കോൺഗ്രസിന് അനുകൂല സാഹചര്യം -അസ്ഹറുദ്ദീൻ
text_fieldsന്യൂഡൽഹി: ക്രിക്കറ്റിൽ പരീക്ഷിച്ചു വിജയിച്ച ആക്രമണോത്സുക ബാറ്റിങ്ങും തകർപ്പൻ ഫീൽഡിങ്ങും രാഷ്ട്രീയക്കളത്തിൽ ഒരിക്കൽ കൂടി പയറ്റുകയാണ് മുഹമ്മദ് അസ്ഹറുദ്ദീൻ. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിലെ കോൺഗ്രസ് സ്ഥാനാർഥിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തിയ അദ്ദേഹം, തെലങ്കാനയെന്ന പുതിയ പിച്ചിൽ ആക്രമണോത്സുകമായി ബാറ്റ് ചെയ്തും ശരിയായി ഫീൽഡ് ചെയ്തും ജയിക്കാനാകുമെന്ന് വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സെക്കന്ദരാബാദ് ലോക്സഭ മണ്ഡലത്തിൽപെട്ട ജൂബിലി ഹിൽസ് ബി.ആർ.എസിൽനിന്ന് പിടിച്ചെടുക്കലാണ് കോൺഗ്രസ് അസ്ഹറുദ്ദീന് നൽകിയ ദൗത്യം. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മുറാദാബാദിൽനിന്ന് എം.പിയായ അസ്ഹർ, 2014ൽ രാജസ്ഥാനിലെ ടോങ്ക്-സവായ് മധോപുരിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം സ്വന്തം സംസ്ഥാനത്ത് മത്സരിക്കാൻ ഇപ്പോൾ അവസരം കൈവന്നിരിക്കയാണ്.
‘ഇത് ശരിയായ സമയമാണ്. കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ബി.ആർ.എസ് ഭരണത്തിൽ വികസനം നടന്നത് ചില നഗരപ്രദേശങ്ങളിൽ മാത്രമാണ്, മറ്റിടങ്ങളിലില്ല. അതിനാൽ ഞങ്ങൾ അവിടെ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾ ജനങ്ങൾക്ക് നൽകിയ ആറ് ഉറപ്പുകൾ പാലിക്കുകയും അവ നടപ്പാക്കുകയും ചെയ്യും’ -അസ്ഹർ പറഞ്ഞു. 2009 മുതൽ കോൺഗ്രസുമായി ചേർന്നു നിൽക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് തുടക്കം മുതൽ തന്നെ വിശ്വസ്തത തനിക്ക് വളരെ പ്രധാനമാണെന്നായിരുന്നു മറുപടി.
‘ജനങ്ങൾ മാറ്റവും വികസനവും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ ഒന്നും സംഭവിച്ചിട്ടില്ല, സംസാരം മാത്രമേയുള്ളൂ. പിന്നാക്ക വിഭാഗങ്ങളുടെ വികസനവും നടന്നിട്ടില്ല’ -അദ്ദേഹം പറഞ്ഞു.
സിറ്റിങ് എം.എൽ.എ ബി.ആർ.എസിന്റെ ഗോപിനാഥ് മാഗന്തിയാണ് മണ്ഡലത്തിൽ അസ്ഹറിന്റെ എതിരാളി. തെലങ്കാന പി.സി.സി വർക്കിങ് പ്രസിഡന്റുമാണ് അസ്ഹറുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.